കാടിറങ്ങി നാട്ടിലെത്തിയ പന്നികൾക്ക് കോയിപ്രം വയലേലകൾ താവളം
1545219
Friday, April 25, 2025 4:00 AM IST
പുല്ലാട്: വനമേഖലയിൽ നിന്നു കിലോമീറ്ററുകൾക്കപ്പുറമുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിലെ പൂവത്തൂർ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ചെമ്പിൽ കണ്ടം, പടമണ്ണ്, അനിക്കാട് പുഞ്ച എന്നിവിടങ്ങൾ കാട്ടുപന്നികളുടെ താവളമായി മാറി. പകൽ സമയം വയലുകളിൽ കുഴി എടുത്ത് പതിയിരിക്കുന്ന പന്നികൾ രാത്രി ആകുന്നതോടെ പുറത്തിറങ്ങും. തുടർന്ന് കൃഷി ഇടങ്ങളിൽ തേർവാഴ്ച നടത്തുന്ന ഇവ നേരം പുലരുന്നതോടെ വീണ്ടും കുഴികളിൽ ഇറങ്ങി പതിയിരിക്കും. അതിനാൽ ഇവയെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
കാട്ടുപന്നികളെ ഭയന്നു വയലേലകൾക്ക് നടുവിലൂടെയുള്ള വഴികളിലൂടെ നടക്കാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്. കാട്ടുപന്നികൾക്കൊപ്പം മുള്ളൻപന്നികളുടെയും വിഹാര കേന്ദ്രമായി വയലുകൾ മാറിയിരിക്കുകയാണ്.
കൃഷി ഇല്ലാതായതോടെ വയലേലകൾ പന്നികളും താവളമാക്കി. മുന്പ് വയൽ നിറയെ നെൽകൃഷി ഉണ്ടായിരുന്നു. എന്നാൽ കൃഷി നഷ്ടമായതോടെ ഇവിടമാകെ തരിശു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. കർഷകർ കൃഷി ഇടത്തിൽ വരാത്തതിനാൽ പന്നികൾ ഒളിത്താവളമാക്കുകയായിരുന്നു.
പത്തു വർഷം മുമ്പ് ചിലർ നെൽകൃഷിക്ക് പകരം പടമണ്ണിൽ റബർ നട്ടിരുന്നു. ടാപ്പിംഗ് നടക്കാത്തതിനാൽ ഇപ്പോൾ റബർ മരങ്ങൾക്കിടയിലും പന്നിക്കൂട്ടം പതിയിരിക്കുകയാണ്. ഏത്തവാഴ, ചേന, ചേമ്പ് തുടങ്ങിയ കൃഷികൾ പന്നിക്കൂട്ടം ഇറങ്ങി ഒറ്റ രാത്രി കൊണ്ട് ഒന്നില്ലാതെ നശിപ്പിച്ചു.
തോക്ക് ലൈസൻസുള്ളവർ വിരളം
ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ സ്വന്തമായി ലൈസൻസുള്ള തോക്കു വേണം. പഞ്ചായത്തിൽ പ്രത്യേകം അപേക്ഷ സമർപ്പിച്ച് എം പാനൽ ചെയ്ത് ലിസ്റ്റിൽ കയറണം. ഇത്തരത്തിലുള്ളവരുടെ ഒരു പാനൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് വാർഡൻ എന്നിവർ തയാറാക്കിയിട്ടുണ്ട്.
വനം വകുപ്പ്, പോലീസ്, മറ്റ് യൂണിഫോം സർവീസിൽപ്പെട്ട ഉദ്യോഗസ്ഥർ, സ്വന്തമായി തോക്ക് ഉപയോഗിക്കാൻ ലൈസൻസുള്ളവർ എന്നിവരെയാണ് എം പാനൽ ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ ഇവർക്ക് പന്നിയെ വെടിവയ്ക്കാം.
അനുമതി ഇല്ലാതെ കാട്ടുപന്നിയെ ഇപ്പോഴും കൊല്ലാൻ കഴിയില്ല. കൊല്ലുന്നവൻ അടുത്ത കാലത്ത് പുറം ലോകം കാണില്ല. അനുമതിയോടെ കൊന്നാൽ പന്നിയുടെ ജഡം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി കുഴിച്ചിടുക മാത്രമാണ് പരിഹാരം. ഇറച്ചിയാക്കി വിൽക്കുകയോ കഴിക്കുകയോ ചെയ്താൽ പിടിവീഴും എന്ന കാര്യം ഉറപ്പ്.
സാധാരണക്കാരായ കൃഷിക്കാർക്ക് മാത്രമാണ് നിയമം ബാധകമായിട്ടുള്ളത്. കാടിറങ്ങി നാട്ടിൽ പെറ്റുപെരുകിയ കാട്ടുപന്നികൾ വന്യമൃഗ സംരക്ഷണ പരിധിയിൽ എങ്ങനെ വരുമെന്നാണ് കർഷകരുടെ ചോദ്യം വർഷങ്ങളായി കാർഷിക മേഖലയെ വെല്ലുവിളിച്ചുകൊണ്ടുള്ള പന്നിശല്യം നേരിടാൻ ആകെ അവലംബിക്കുന്നത് തോക്ക് ഉപയോഗിച്ച് കൊല്ലുകയെന്നതു മാത്രമാണ്. എന്നാൽ ലൈസൻസുള്ളവർ വിരളമാണ്.
കോയിപ്രം പഞ്ചായത്തിൽ മൂന്നു പേർ മാത്രമാണ് പന്നിയെ കൊല്ലാൻ എം പാനൽ ചെയ്തിട്ടുള്ളത്. കേരള ഇൻഡിപെന്ഡന്റ്ഫാർമേഴ്സ് അസോസിയേഷന ് (കിഫ) പ്രത്യേകം ഷൂട്ടേഴ്സ് ക്ലബുണ്ട്. ഇവർക്ക് നൂറിലധികം ലൈസൻസുള്ള ഷൂട്ടർമാരുണ്ട്. പഞ്ചായത്തുകൾ ഇവരെ എം പാനൽ ഷൂട്ടർമാരായി നിയമിച്ചിട്ടുണ്ട്.
ഇവരുടെ സഹായത്തോടെ പന്നികളെ കൊന്നൊടുക്കാം. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും സാധാരണക്കാരായ കർഷകർക്ക് അറിയില്ല. പഞ്ചായത്തുകൾ മുൻകൈയെടുക്കുന്നതുമില്ല. തെരഞ്ഞെടുപ്പോ ഉപതെരഞ്ഞെടുപ്പോ പ്രഖ്യാപിച്ചു കഴിഞ്ഞാൽ തോക്ക് അധികൃതർക്ക് മുന്നിൽ സറണ്ടർ ചെയ്യണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്ന് രണ്ടാഴ്ച കഴിഞ്ഞു മാത്രമേ തോക്ക് തിരികെ ലഭിക്കു. തോക്ക് ഇല്ലാത്ത സാഹചര്യം. പന്നി പെറ്റുപെരുകാൻ ഈ ഇടവേള ധാരാളം. കൊ ന്നു തള്ളുന്ന പന്നികളുടെ മൂന്നിരട്ടി ഇതിനോടകം ജന്മം കൊണ്ടുകഴിയും.
പന്നി ഒന്നിന് 1000 രൂപായായിരുന്നു അടുത്ത കാലം വരെ ഷൂട്ടർമാർക്കുള്ള ഓണറേറിയം . ഇത് 1500 ആയി ഇപ്പോൾ വർധിപ്പിട്ടുണ്ട്.