ബാലികയ്ക്കു നേരേ പീഡനം: യുവാവിന് 11 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും
1544959
Thursday, April 24, 2025 3:43 AM IST
പത്തനംതിട്ട: എട്ട് വയസുകാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് 11 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. അയിരൂര്‍ കാഞ്ഞീറ്റുകര വാസുദേവപുരം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസിനെയാണ് (32) ശിക്ഷിക്കപ്പെട്ടത്.
പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് ശിക്ഷാ ഉത്തരവ്. പിഴത്തുക അടച്ചില്ലെങ്കില്‍ ആറു മാസത്തെ അധികകഠിന തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.
2024 മേയ് 29ന് ഉച്ചയ്ക്ക് കുട്ടിയെ ഇയാള്‍ സ്കൂട്ടറില്‍ കയറ്റി കടയിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോയ ശേഷം കാഞ്ഞീറ്റുകരക്ക് സമീപത്തുളള കനാല്‍ പാലത്തില്‍ വച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
എസ്ഐ ആയിരുന്ന പി.സുരേഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടി. തുടര്‍ന്ന്, അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എസ് ഐ മുഹ്സിന് മുഹമ്മദ് ആയിരുന്നു.