വേനല്‍മഴയ്ക്കൊപ്പം കാറ്റും; കരിങ്ങാലിപ്പാടത്ത് കൂടുതല്‍ സ്ഥലത്ത് നാശനഷ്ടം
1544949
Thursday, April 24, 2025 3:39 AM IST
പന്തളം: ശക്തമായ വേനല്‍മഴയും മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റും കരിങ്ങാലിപ്പാടത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ നാശനഷ്ടത്തിനു കാരണമായി. കരിങ്ങാലി പാടശേഖരങ്ങളില്‍ വെള്ളക്കെട്ടു കാരണം കൊയ്ത്ത് പ്രതിസന്ധിയിലാണ്. വേനല്‍മഴ തുടങ്ങിയതുമുതല്‍ ഡീസല്‍ പമ്പുപയോഗിച്ച് പാടത്തെ വെള്ളം ചാലിലേക്ക് അടിച്ചുവറ്റിച്ചുകൊണ്ടിരിക്കുകയാണ് കര്‍ഷകർ. വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ യന്ത്രം ഇറക്കാനാകാതെ കൊയ്ത്ത് തടസപ്പെട്ട പാടങ്ങളുമുണ്ട്.
പാടത്ത് വിളഞ്ഞ് പാകമായി കിടക്കുന്ന നെല്ല് വെള്ളം കയറുന്നതിന് മുമ്പ് കൊയ്തെടുക്കാനാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകർ. കരിങ്ങാലി പാടത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം അടിച്ചുവറ്റിച്ച് കൃഷിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കര്‍ഷകര്‍ നടത്തുന്നത്. എല്ലാ പാടശേഖരങ്ങളിലും ഡീസല്‍ മോട്ടോറും വൈദ്യുത മോട്ടോറും മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മാവരപ്പാടത്ത് നെല്ല് കിളിര്‍ത്തുതുടങ്ങി
കൊയ്യാന്‍ പാകമായിക്കിടക്കുന്ന പന്തളം തെക്കേക്കരയിലെ മാവരപ്പാടത്ത് നെല്ല് കിളിര്‍ത്ത് കതിരിന് മുകളിലേക്ക് ചാഞ്ഞത് കൃഷിനാശത്തിന് കാരണമായി. നെല്ലിനൊപ്പം കിളിര്ത്തുപൊങ്ങിയ വരിനെല്ലാണ് വിളഞ്ഞുകിടക്കുന്ന പാടത്ത് മുഴുവന്‍ ഇക്കുറി നാശം വിതച്ചത്.
നെല്ലിനേക്കാള്‍ പൊക്കമുള്ള വരിനെല്ല് കാറ്റില്‍ ചാഞ്ഞു വീണതുകാരണം അടിയില്‍ കിടക്കുന്ന നെല്ക്കതിര് അളിഞ്ഞ് നശിക്കുകയാണ്. നാളെ പാടം കൊയ്യാന്‍ കാത്തിരിക്കുമ്പോഴാണ് കാറ്റില്‍ നെല്‍ച്ചെടി ചാഞ്ഞുപോയത്. കൊയ്ത്ത് മെതിയന്ത്രമുപയോഗിച്ച് ഇത് കൊയ്തെടുക്കാനും പ്രയാസമാണ്.
വേനല്‍മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായതായി കര്ഷകന് വരിക്കോലില്‍ മോഹനന്‍പിള്ള പറഞ്ഞു. 15 ഹെക്ടര്‍ പാടത്താണ് ഇക്കുറി ഉമ, പൗര്‍ണമി എന്നീ വിത്തുകള്‍ കൃഷിചെയ്തിട്ടുള്ളത്. വേനല്‍മഴ ശക്തിപ്രാപിക്കുന്നതും കൃഷിനാശം കൂടാന്‍ കാരണമാകും.