മാര്‍ത്തോമ്മ സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് തിരുവല്ലയില്‍
1544952
Thursday, April 24, 2025 3:39 AM IST
തിരുവല്ല: മാര്‍ത്തോമ്മ സഭയിലെ ആഗോള കലാലയ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മാര്‍ത്തോമ്മ സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ 113-ാമത് സെക്ഷന്‍ 29 മുതല്‍ മേയ് രണ്ടുവരെ തിരുവല്ലയില്‍ നടക്കും.
അടൂര്‍ ഭദ്രാസനം ആതിഥേയത്വം നല്കുന്ന ഈ വര്‍ഷത്തെ സമ്മേളനം ബിലീവേഴ്സ് കണ്വന്ഷന് സെന്ററിലാണ് ക്രമീകരിക്കുന്നത്. 29നു വൈകുന്നേരം അഞ്ചിന് മലങ്കര മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.
ജീവിതത്തിനായുള്ള അഭിലാഷങ്ങളും പ്രചോദനങ്ങളും എന്ന വിഷയമാണ് സമ്മേളനം പഠനവിധേയമാക്കുന്നത്. വിഷയാനുബന്ധ ചര്‍ച്ചകൾ, കരിയര്‍ ഗൈഡന്‍സ്, മയക്കുമരുന്നിന് എതിരേയുള്ള ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സമ്മേളനത്തില്‍ നടത്തപ്പെടും.
വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസം, പ്രസംഗം തുടങ്ങിയ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 500 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത രക്ഷാധികാരിയും, അടൂര്‍ ഭദ്രാസന അധ്യക്ഷന്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്കോപ്പ ഉപരക്ഷാധികാരിയും, റവ. പോള്‍ ജേക്കബ് പ്രസിഡന്റും പ്രഫ. ഷൈജു കെ. ജോണ്‍ സെക്രട്ടറിയും സുരേഷ് തോമസ് ട്രഷററും സയന സാം,
എ.ആര് റോഹൻ, ഏബല്‍ ജോസ് എന്നിവര്‍ സ്റ്റുഡന്റ് സെക്രട്ടറിമാരും, ഏബല്‍ തോമസ് നൈനാന് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന കമ്മറ്റിയും വിവിധ സബ് കമ്മിറ്റികളും സമ്മേളത്തിന് നേതൃത്വം നല്‍കും. മേയ് രണ്ടിന് ഉച്ചകഴിഞ്ഞ് സമ്മേളനം സമാപിക്കും.