സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം ഇന്ന്
1544943
Thursday, April 24, 2025 3:29 AM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം ഇന്നു നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും.
രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്വന്ഷന് സെന്ററിലാണ് യോഗം. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കം വിലയിരുത്തി.
ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് മേഖലാ ഡയറക്ടര്‍ കെ. പ്രമോദ് കുമാർ, എഡിഎം ബി. ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. ടി. ജോൺ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കൾ, തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങൾ, വിദ്യാര്‍ഥികള്‍, സാംസ്കാരിക രംഗത്തുനിന്നുള്ളവർ, കായികപ്രതിഭകള്‍, വ്യവസായികൾ, പ്രവാസികള്‍, സമുദായ നേതാക്കള്‍ തുടങ്ങിയവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
മന്ത്രി കെ.എൻ. ബാലഗോപാല്‍, നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും.