കളക്ടറേറ്റിനു നേരേയുള്ള ബോംബ് ഭീഷണി: അന്വേഷണം എങ്ങുമെത്തിയില്ല
1544948
Thursday, April 24, 2025 3:39 AM IST
പത്തനംതിട്ട: കളക്ടറേറ്റിനു നേരേയുണ്ടായ ബോംബ് ഭീഷണി സന്ദേശം ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പത്തനംതിട്ട. തിരുവനന്തപുരം, തൃശൂര്‍ കളക്ടറേറ്ററുകള്ക്കു നേരെയാണ് ഒരു ദിവസംതന്നെ ഭീഷണി ഉണ്ടായത്. ഇ മെയിലിലൂടെ എത്തിയ ഭീഷണിയെ സംബന്ധിച്ച് സൈബര്‍ സെല്‍ കേസ് അന്വേഷിക്കുന്നുവെന്ന് പോലീസ് പറയുന്നുവെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മാര്‍ച്ച് 18നായിരുന്നു ജില്ലാ കളക്ടറുടെ ഇ-മെയില്‍ ഭീഷണി സന്ദേശമെത്തിയത്.
കളക്ടറേറ്റില്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ സംഭവത്തില്‍ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിവൈഎസ്പി എസ്. നന്ദകുമാറിനാണ് അന്വേഷണച്ചുമതല. ഇംഗ്ലീഷില്‍ എത്തിയ ഭീഷണിസന്ദേശം വ്യാജമാണെന്നാണ് പോലീസ് നിഗമനം. എന്നാൽ, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇ-മെയില്‍ അധികൃതര്‍ക്ക് വിവരം തേടി കത്തയച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ സൈബര്‍ വിഭാഗം പറയുന്നത്.
മാര്‍ച്ച് 18ന് രാവിലെ 6.48നാണ് കളക്ടര്‍ക്ക് സന്ദേശമെത്തിയത്. 9.45ന് കളക്ടറുടെ ഇ - മെയില്‍ പരിശോധിച്ച ഓഫീസ് ജീവനക്കാരനാണ് ഇംഗ്ലീഷിലുള്ള സന്ദേശം കണ്ടത്. കളക്ടറേറ്റില്‍ ആര്‍ഡിഎക്സ് പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുമെന്നും മുന്‍കരുതലായി ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഓര്‍മയ്ക്കായാണ് ഇതെന്നുമായിരുന്നു സന്ദേശത്തിൽ. ആസിഫ് ഗഫൂര്‍ എന്ന പേരിലായിരുന്നു സന്ദേശം. കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സിവില്‍ സര്‍വീസ് പരിശീലനവുമായി ബന്ധപ്പെട്ടു ഗോവയിലായിരുന്ന സമയത്താണ് സന്ദേശം എത്തിയത്. കളക്ടറുടെ ഹുസൂര്‍ ശിരസ്തദാറാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന്, ഡോഗ്, ബോംബ് സ്ക്വാഡുകള്‍ എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തീവ്രവാദികളുടേതെന്നോ അവരെ പിന്തുണയ്ക്കുന്നവരുടേതെന്നോ സംശയിക്കാവുന്ന മെയില്‍ സന്ദേശം പോലീസ് വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. ആസിഫാ ഗഫൂര്‍ എന്ന മെയിലില്‍നിന്നാണ് സന്ദേശമെത്തിയത്.
ഭീഷണിസന്ദേശത്തിന്റെ ഉറവിടം തേടി ഇ മെയില്‍ അധികൃതര്‍ക്കും ഫേസ്ബുക്കിനും കത്തു നല്‍കിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി വിനോദ് കുമാര്‍ പറഞ്ഞു.