കീച്ചേരിവാല്‍ കടവ് പാലം അപ്രോച്ച് റോഡ് : ജില്ലാ പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കും: മാത്യു ടി. തോമസ്
1508423
Sunday, January 26, 2025 3:44 AM IST
പത്തനംതിട്ട: കടപ്ര പഞ്ചായത്തിലെ കീച്ചേരിവാല്‍ കടവ് പാലം അപ്രോച്ച് റോഡ് ജില്ലാ പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത് പരിശോധിക്കുമെന്ന് മാത്യു ടി. തോമസ് എംഎല്‍എ. ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശോധനയ്ക്കായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരാന്‍ നിര്‍ദേശിച്ചു. തിരുവല്ല വില്ലേജ് ഓഫീസ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം. പന്നിക്കുഴിപ്പാലത്തിന് സമീപം പഴയപാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്നും പറഞ്ഞു.
പള്ളിക്കല്‍ - തെങ്ങമം - നെല്ലിമുകള്‍ - അടൂര്‍ റൂട്ടില്‍ സ്വകാര്യ ബസിന് അനുമതി നല്‍കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ ആറാട്ടുചിറ കുടിവെള്ള പദ്ധതി പ്രവര്‍ത്തനസജ്ജമാക്കണം. കാട്ടുപന്നികളുടെ ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
താലൂക്ക് വികസനസമിതി യോഗത്തില്‍ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ആവശ്യപ്പെട്ടു. സബ് കളക്ടര്‍ സുമിത്ത് കുമാര്‍ ഠാക്കൂര്‍, ജില്ലാതല ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.