കരിമാൻതോട് കെഎസ്ആർടിസി ബസുകൾ മുടങ്ങിയതിന്റെ പേരിൽ രാഷ്ട്രീയ വിവാദം
1508223
Saturday, January 25, 2025 3:37 AM IST
പത്തനംതിട്ട: മലയോരമേഖലയായ തണ്ണിത്തോട്ടിൽ കെഎസ്ആർടിസി സർവീസുകൾക്ക് തുരങ്കം വച്ചവരാണ് ഇപ്പോൾ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നില്ലെന്ന ആരോപണവുമായി പഞ്ചായത്തിന് എതിരേ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി സാമുവൽ.
അടൂർ പ്രകാശ് കോന്നി എംഎൽഎ ആയിരുന്നപ്പോഴാണ് തണ്ണിത്തോട്, കരിമാൻതോട് ഭാഗങ്ങളിലേക്ക് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ അടക്കം ആരംഭിച്ചത്. ആദ്യകാലത്ത് തണ്ണിത്തോട് വരെ സർവീസ് നടത്തിയ ബസുകൾ തേക്കുതോട് മൂഴിയിൽ പാർക്ക് ചെയ്യുകയും ജീവനക്കാർ ബസിൽ തന്നെ കഴിയുകയുമായിരുന്നു.
ഈ ബസുകൾ പിന്നീട് കരിമാൻതോട്ടിലേക്ക് നീട്ടി. ആ കാലയളവിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സാക്ഷരതാ മിഷന്റെ മുറിയിലാണ് ബസുകളിലെ ജീവനക്കാർ രാത്രിയിൽഅന്തിയുറങ്ങിയിരുന്നത് .
തേക്കുതോട്ടിൽ നിന്നും ഗുരുവായൂർ, തിരുവനന്തപുരം, ശിവഗിരി, കോട്ടയം, പത്തനംതിട്ട മുതലായ സ്ഥലങ്ങളിലേക്ക് ദിവസം 22ൽ അധികം സർവീസുകൾ പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഉണ്ടായിരുന്നു. എല്ലാ സർവീസുകളും ലാഭത്തിലാണ് അക്കാലത്ത് ഓടിയിരുന്നത്.
അടൂർ പ്രകാശ് ആറ്റിങ്ങൽ എംപി ആയതിനു പിന്നാലെ കെഎസ്ആർടിസി സർവീസുകളും നിലച്ചു. പകരം റൂട്ടുകൾ സ്വകാര്യബസുകൾ കൈയടക്കുകയും ചെയ്തു. ഇതിനു പിന്നിൽ സിപിഎം നേതാക്കളുടെ ഒത്താശ ഉണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. തണ്ണിത്തോട്ടിൽ കെഎസ്ആർടിസി ബസുകൾ ആക്രമിച്ചതം ജീവനക്കാർക്കുനേരെ ഭീഷണി ഉണ്ടായതും നിക്ഷിപ്ത താത്പര്യക്കാരാണ്. ഇതോടെ സ്റ്റേ സർവീസുകൾ കെഎസ്ആർടിസി അയയ്ക്കാതെ ആയി.
കഴിഞ്ഞ ദിവസം നിയമസഭയിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ സബ്മിഷന് മറുപടിയായി ഗതാഗത മന്ത്രി പറഞ്ഞത് പഞ്ചായത്ത് താമസ സൗകര്യം ഒരുക്കിയാൽ കരിമാൻതോട് സ്റ്റേ ബസ് പുനരാരംഭിക്കാമെന്നാണ്. എന്നാൽ മുറി സൗകര്യം ഒരുക്കേണ്ടത് തങ്ങളല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കണമെന്ന ആവശ്യം കെഎസ്ആർടിസി ഇതേവരെ പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. തന്നെയുമല്ല, സ്റ്റേ ബസുകളിലെ ജീവനക്കാർക്ക് പഞ്ചായത്ത് ചെലവിൽ താമസസൗകര്യം എവിടെയെങ്കിലും നൽകിയിട്ടുണ്ടോയെന്നും വ്യക്തമല്ല.
കെഎസ്ആർടിസിയിൽനിന്നും അപേക്ഷകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഡിപിസി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മുറിയെടുത്ത് നൽകി താമസ സൗകര്യം ക്രമീകരിക്കാനാകൂ.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സിപിഎം ഇപ്പോൾ സമരരംഗത്തിറങ്ങിയിട്ടുള്ളത്. പൊതുജനമധ്യത്തിൽ അവർക്കുണ്ടായ ഇടിവ് നികത്തുന്നതിന് വേണ്ടിയാണിതെന്നും നേതാക്കൾപറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് ബിജു മാത്യു, കെ.വി. സാമുവൽ, കെ.എ. കുട്ടപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.