വിനയാകുന്നത് അടിയൊഴുക്ക്; അപകടമൊളിപ്പിച്ച് നദികളും കനാലുകളും
1508875
Tuesday, January 28, 2025 2:21 AM IST
പത്തനംതിട്ട: വേനൽക്കാലമായതോടെ വെള്ളം വറ്റിത്തുടങ്ങിയതിനു പിന്നാലെ ജലാശയങ്ങൾ സുരക്ഷിതമെന്നു കരുതി ഇറങ്ങുന്നതിനെതിരേ അധികൃതരുടെ മുന്നറിയിപ്പ്. ജില്ലയിലെ നദികളിൽ വെള്ളം കുറവെന്നു കരുതാമെങ്കിലും അടിയൊഴുക്ക് ശക്തമാണ്. 2018ലെ പ്രളയത്തിനുശേഷം പന്പ, അച്ചൻകോവിൽ, മണിമല നദികളുടെ അടിത്തട്ട് താഴ്ന്നിട്ടുണ്ട്. ചെളി നിറഞ്ഞു കിടക്കുന്ന ഭാഗങ്ങളാണ് ഏറെയും. ഇതിൽ ചവിട്ടിയാൽ നിലയില്ലാക്കയത്തിലേക്ക് താഴ്ന്നുപോകുന്ന സ്ഥിതിയുണ്ടാകും.
ആളുകൾ മുന്പ് ഉപയോഗിച്ചുകൊണ്ടിരുന്ന കടവുകൾ പലതും ഇത്തരത്തിൽ അപകടക്കയങ്ങളായി മാറിയിട്ടുണ്ട്. ഇത്തരം കയങ്ങളിൽപ്പെട്ടാൽ നീന്തൽ വശമുള്ളവർക്കു പോലും രക്ഷപ്പെടാൻ കഴിയുന്നില്ല. മുന്പ് മണൽപ്പരപ്പ് മാത്രം നിറഞ്ഞിരുന്ന സ്ഥലങ്ങളാണ് ഇന്നിപ്പോൾ ചെളിക്കുണ്ടുകളായി മാറിയിരിക്കുന്നത്. വേനൽക്കാലത്ത് നദികളിൽ വെള്ളം കുറയുന്പോഴാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. വെള്ളം കുറവെന്നു കരുതി പലരും നദിയിലേക്ക് ഇറങ്ങുന്നതാണ് മുങ്ങിമരണങ്ങൾ വർധിക്കാൻ കാരണമായിട്ടുള്ളത്.
കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം അപകടങ്ങളിൽപ്പെട്ടവരിൽ നല്ലൊരുപങ്കും 30 വയസിൽ താഴെയുള്ളവരുമാണ്. അച്ചൻകോവിലാറ്റിലെ ഓമല്ലൂർ പ്രദേശത്തു മാത്രം കഴിഞ്ഞ ഒരുവർഷത്തിനിടെ ആറു മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഓമല്ലൂർ ഉഴുവത്തുകടവ്, കൈപ്പട്ടൂർ പാലത്തിനു സമീപം എന്നിവിടങ്ങളിലാണ് ഇതിനു മുന്പ് മരണങ്ങളുണ്ടായത്.
കനാലുകളിലും ഒഴുക്കിന്റെ ഗതി വ്യത്യാസപ്പെടാം
വേനൽക്കാലമായതോടെ ജില്ലയിൽ പന്പ, കല്ലട ജലസേചന പദ്ധതികളുടെ കനാലുകളിലൂടെ വെള്ളമെത്തുന്നുണ്ട്. ജലസേചന ആവശ്യത്തിനാണ് കനാലുകളിലൂടെ വെള്ളം ഒഴുക്കുന്നത്. തീരങ്ങളിൽ പലരും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കാറുണ്ട്. പിഐപി കനാൽ തെളിച്ചതിനുശേഷമാണ് ഇക്കുറി വെള്ളം വിട്ടിരിക്കുന്നത്. ഇതിൽത്തന്നെ വലതുകര കനാലിലൂടെ ശക്തമായ ഒഴുക്കുണ്ട്. വൈകുന്നേരങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുകയും ചെയ്യും.
അപകടസാധ്യത മനസിലാക്കാതെയാണ് പലരും കനാലുകളിൽ കുളിക്കാനായി ഇറങ്ങുന്നത്. മുൻവർഷങ്ങളിലും കനാലിൽ വീണുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിലേറെയും പുറമേനിന്നും സ്ഥലപരിചയം ഇല്ലാതെ കുളിക്കാനെത്തുന്നവരാണ്.
തീരങ്ങൾ കുട്ടികളുടെ ഉല്ലാസകേന്ദ്രങ്ങൾ
കനാൽ, നദീതീരങ്ങൾ സ്കൂൾ കുട്ടികളുടേതടക്കം ഉല്ലാസകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. സ്കൂൾ സമയത്തുപോലും യൂണിഫോം ധാരികളായ കുട്ടികളെ നദീതീരങ്ങളിലും കടവുകളിലും കനാൽ പരിസരങ്ങളിലുമൊക്കെ കാണാമെന്ന് പ്രദേശവാസികൾ പറഞ്ഞു.
പന്പാനദീ തീരത്തും പിഐപി കനാൽ തീരങ്ങളിലും കുട്ടിസംഘങ്ങൾ വന്നിരിക്കുന്നത് പതിവാണ്. മാരാമൺ, ചെറുകോൽപ്പുഴ കൺവൻഷനുകളുടെ കാലഘട്ടത്തിൽ ഇവരുടെ തിരക്കു കൂടുകയും ചെയ്യും. ഇത്തരത്തിൽ വരുന്ന കുട്ടികൾ കുളിക്കാനിറങ്ങുന്നതും പതിവുകാഴ്ചയാണ്. മുൻപരിചയമില്ലാത്ത കടവുകളിലാണ് നീന്തൽ വശമില്ലാത്ത കുട്ടികൾ ഇറങ്ങുന്നത്.
ആളൊഴിഞ്ഞ സ്ഥലങ്ങളാണ് കുട്ടികൾ പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. ഇതു കാരണം അപകടങ്ങളുണ്ടായാൽപോലും പുറംലോകം അറിയാൻ വൈകും. പോലീസിന്റെയും എക്സൈസിന്റെയും പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം തീരങ്ങളിൽനിന്നുയരുന്നുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടെത്തുന്ന മയക്കുമരുന്ന് ലോബി വിപണന കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നതും ഇത്തരം ആളൊഴിഞ്ഞ കേന്ദ്രങ്ങളാകും.