ജില്ലയില്‍ ഹാപ്പി കേരളം ഇടങ്ങള്‍ക്ക് തുടക്കം; തോട്ടപ്പുഴശേരി മോഡല്‍ സിഡിഎസില്‍ ആദ്യ ഇടം
1508406
Sunday, January 26, 2025 3:31 AM IST
കോഴഞ്ചേരി: പത്തനംതിട്ട ജില്ലയില്‍ ഹാപ്പി കേരളം ഇടം രൂപീകരണത്തിന് തോട്ടപ്പുഴശേരി മോഡല്‍ സിഡിഎസില്‍ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ എസ്. ആദില മുഖ്യപ്രഭാഷണം നടത്തി. ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്. അനുപ, ജനപ്രതിനിധികള്‍, അസിസ്റ്റന്റ് സെക്രട്ടറി, സിഡിഎസ് അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തോട്ടപ്പുഴശേരി വാര്‍ഡ് മാരാമണ്‍ കുടുംബങ്ങള്‍ അടങ്ങിയ ഇടം രൂപീകരണമാണ് നടന്നത്.
20 കുടുംബശ്രീ എഫ്എന്‍എച്ച്ഡബ്ല്യു ഹാപ്പി കേരളം ഹാപ്പിനസ് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ എട്ട് ബ്ലോക്കുകളിലായുള്ള മോഡല്‍ സിഡിഎസുകളായ തോട്ടപ്പുഴശേരി, കുറ്റൂര്‍, ഏഴംകുളം, വള്ളിക്കോട്, നാരങ്ങാനം, പന്തളം തെക്കേക്കര, സീതത്തോട്, കൊറ്റനാട് എന്നിവിടങ്ങളിലെ ഒരോ വാര്‍ഡ് വീതം തെരഞ്ഞെടുത്താണ് എഡിഎസില്‍ ഒരു ഇടം രൂപീകരിക്കണം നടക്കുന്നത്.
വ്യക്തികളെ സന്തോഷിപ്പിക്കുക പ്രാഥമിക ലക്ഷ്യം
വ്യക്തികള്‍ സന്തോഷമുള്ളവരാകുക അതുവഴി കുടുംബത്തില്‍ സന്തോഷമുണ്ടാകുക അങ്ങനെ സന്തോഷസമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം. ഓരോ വ്യക്തികളുടെയും സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയാറാക്കുകയും മുന്‍ഗണനാ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം നടത്തുകയുമാണ് ആദ്യഘട്ടം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇടം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കുടുംബങ്ങളുടെ സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. മോഡല്‍ സിഡിഎസുകളിലെ അടുത്തടുത്തുള്ള 20 വീടുകള്‍ ചേര്‍ന്നതാണ് ഇടം എന്ന് അറിയപ്പെടുക. ഭാവിയില്‍ ഇടങ്ങളുടെ എണ്ണം വര്‍ധിക്കും. മോഡല്‍ സിഡിഎസില്‍നിന്നുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ജില്ലാതല പരിശീലനം നല്‍കിയിരുന്നു.
നിയന്ത്രണം റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക്
സാമൂഹ്യപ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, പോഷകാഹാരവിദഗ്ധര്‍, റിട്ട.അധ്യാപകര്‍, വിവിധ വിഷയങ്ങളില്‍ അനുഭവസമ്പത്തുള്ളവര്‍ തുടങ്ങിയവരാണ റിസോഴ്സ്പേഴ്സണ്മാരായിട്ടുള്ളത്. കുടുംബശ്രീയുടെ എന്നിടം പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം കല, സാഹിത്യം, സ്പോര്‍ട്ട് മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.
തദ്ദേശവകുപ്പിന്റെ മുഖ്യപങ്കാളിത്തത്തില്‍ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകും. ജില്ലയില്‍ പദ്ധതി ചുമതല കുടുംബശ്രീയുടെ ജെന്‍ഡര്‍, എഫ്എന്എച്ചഡബ്ല്യു വിഭാഗത്തിനാണ്.
വ്യക്തികളുടെ മാനസികാരോഗ്യ സംരക്ഷണം, സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍, കലാ - കായിക സാംസ്കാരിക രംഗത്തെ പങ്കാളിത്തം, കുടുംബങ്ങളില്‍ മികച്ച ആശയവിനിമയം, ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റ് തുടങ്ങിയവയ്ക്കും പദ്ധതി മുഖ്യ പരിഗണന നല്‍കും.