ഹരിതചട്ടം നടപ്പാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
1508416
Sunday, January 26, 2025 3:43 AM IST
പത്തനംതിട്ട: പൊതുവേദികള്‍, കണ്‍വന്‍ഷനുകള്‍, സമ്മേളനങ്ങള്‍ എന്നിവിടങ്ങളില്‍ ഹരിതചട്ടം കര്‍ശനമാക്കി മാര്‍ഗനിര്‍ദേശങ്ങളുമായി ശുചിത്വ മിഷന്.
മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും കര്‍മപരിപാടിയുമായി ശുചിത്വമിഷന് രംഗത്തിറങ്ങിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു കാര്യമായ സഹകരണം ലഭിക്കാത്ത സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുന്നത്. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ക്ഷേത്ര ഉത്സവങ്ങള്‍, കണ്‍വന്‍ഷനുകള്‍, പെരുന്നാളുകള്‍ എന്നിവയുടെ സീസണ് ആയതോടെ ഹരിത ചട്ടം കര്‍ശനമായി പാലിക്കാന്‍ ശുചിത്വമിഷന് ഇടപെടും. മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ കേന്ദ്രീകരിച്ച് സംഘാടകരുമായി സഹകരിച്ച് മാതൃകാ ഹരിതചട്ടം നടപ്പാക്കാനും ആലോചനയുണ്ട്.
ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ മേഖല ഓഫീസുകള്‍, ഓഡിറ്റോറിയങ്ങള്‍, കണ്വന്ഷന് സെന്ററുകള്‍, ബസ് സ്റ്റേഷനുകള്‍, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, രാഷ്ട്രീയ-മത സമുദായ സംഘടനകളുടെ പരിപാടികള്‍, സമ്മേളനങ്ങള്‍, എക്സിബിഷനുകള്‍, ഫെസ്റ്റുകള്‍, കള്‍ച്ചറല്‍ ഈവന്റുകള്‍ തുടങ്ങിയവയിലെല്ലാം കര്‍ശനമായി ഹരിതചട്ടം പാലിക്കാനാണ് നിര്‍ദേശം.
ഒറ്റത്തവണ ഉപയോഗ സാമഗ്രികള്‍ ഉപേക്ഷിക്കും
പൊതു പരിപാടികളില്‍ ഭക്ഷണ, പാനീയ വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും നിര്‍ബന്ധമാക്കും. പരിപാടികളുമായി ബന്ധപ്പെട്ട പ്രചാരണത്തിന് തുണി ബാനറുകള്‍ മാത്രമാക്കണമെന്നും പ്ലാസ്റ്റിക്, ഫ്ളെക്സ് ബാനറുകളോ അലങ്കാരങ്ങളോ പാടില്ലെന്നും നിര്‍ദേശിക്കും.
പൊതുപരിപാടികളുമായി ബന്ധപ്പെട്ട് ചെലവേറുമെന്നതിനാലാണ് ശുചിത്വ മിഷന് നിര്‍ദേശങ്ങള്‍ സംഘാടകര്‍ പലപ്പോഴും അവഗണിക്കുന്നത്.
ഓരോ പരിപാടികള്‍ക്കും സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങുകയെന്നതിനേക്കാള്‍ പൊതുവായി സംഘടനാതലത്തിലോ മറ്റോ വാങ്ങി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആറന്മുള വള്ളസദ്യക്കു നടപ്പാക്കിയ ഹരിതചട്ടം വിജയിച്ച മാതൃക മറ്റിടങ്ങളിലും തുടരാനാണ് തീരുമാനം.
ആറന്മുള വള്ളംകളിയുടെ ദിവസവും ഹരിതചട്ടം പാലിക്കാനായി. മാരാമണ്‍ കണ്വന്ഷന് നഗറില്‍ ഹരിതചട്ടം വിജയംകണ്ടെങ്കിലും പമ്പയുടെ കരകളില്‍ വേണ്ടത്ര ജാഗ്രത ഉണ്ടായില്ല.
ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനിലും സമാന സാഹചര്യമാണ് നേരിട്ടത്. ഇക്കുറി ഇതു കുറെക്കൂടെ കര്‍ശനമാക്കാനാണ് ശുചിത്വ മിഷന് തീരുമാനം.
ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി നടന്ന മാലിന്യം വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ 57,000 രൂപയ്ക്ക് പിഴ നോട്ടീസ് അയച്ചിരുന്നുവെങ്കിലും കേവലം 250 രൂപ മാത്രമാണ് പിരിച്ചെടുത്തതെന്നും പറയുന്നു.