കൃഷി മതിയാക്കി കർഷകർ; ഏഴംകുളത്ത് കാട്ടുപന്നി വിളയാട്ടം
1508226
Saturday, January 25, 2025 3:46 AM IST
ഏഴംകുളം: വനമേഖലയുമായി ഏഴംകുളത്തിനു യാതൊരു ബന്ധവുമില്ല. പക്ഷേ, കാട്ടിൽ ജീവിക്കേണ്ട പന്നി വനത്തിൽനിന്നും കിലോമീറ്ററുകൾക്കപ്പുറമുള്ള ഏഴംകുളത്തെത്തി പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. കാർഷിക ഗ്രാമമായ ഏഴംകുളം പട്ടിണിക്കോലമായി മാറാൻ അധികകാലം വേണ്ട. കൃഷിയിടങ്ങൾ തരിശിട്ടിരിക്കുകയാണ്. കൃഷിതന്നെ ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.
കൃഷിയില്ലാതെ സ്ഥലം കാടുകയറുന്നതും ഗുണം ചെയ്യുന്നത് കാട്ടുപന്നിക്കാണ്. നാട്ടിൽ സൃഷ്ടിക്കപ്പെടുന്ന കാട് പന്നിക്ക് അഭയകേന്ദ്രമാണ്. നാട്ടിൽ തന്നെ പെറ്റുപെരുകി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കാൻ ഇവയ്ക്കു തടസമില്ല.
തരിശിട്ടിരിക്കുന്ന പാടങ്ങൾ, കാടുകയറിയ കൃഷിയിടങ്ങൾ, കനാൽ പുറന്പോക്കുകൾ എന്നിവിടങ്ങളാണ് പന്നിയുടെ താവളം. നേരത്തെ രാത്രികാലങ്ങളിലായിരുന്നു ഇവയുടെ ശല്യമെങ്കിൽ ഇപ്പോൾ പകലും ഇവ പുറത്തിറങ്ങാറുണ്ട്.
ശല്യക്കാരായി വിഹരിക്കുന്ന കാട്ടുപന്നികളെ തുരത്താൻ യാതൊരു നിർവാഹവുമില്ലെന്ന് പഞ്ചായത്തും കർഷകരും ഒരേപോലെ പറയുന്നു. ഏഴംകുളം, അറുകാലിക്കൽ പടിഞ്ഞാറ്, അറുകാലിക്കൽ കിഴക്ക് ഭാഗങ്ങളിലെ വയലുകളിലാണ് പന്നിക്കൂട്ടം ഏറെയും തന്പടിച്ചിരിക്കുന്നത്. ചെളിവെള്ളത്തിൽ പകലും ഇവയെ കാണാം.
കിഴങ്ങുവർഗ കൃഷി അന്യമാകുന്നു
ഒരുകാലത്ത് ഏഴംകുളം, പറക്കോട് പ്രദേശങ്ങൾ കിഴങ്ങുവർഗ കൃഷിയിൽ പേരുകേട്ട സ്ഥലങ്ങളായിരുന്നു. വെറ്റിലക്കൃഷിയും നെല്ലും ഒക്കെ യഥേഷ്ടം വിളഞ്ഞിരുന്നു. മരച്ചീനി, ചേന, ചേന്പ്, മധുരക്കിഴങ്ങ്, വാഴ, പച്ചക്കറി എന്നിവ കാട്ടുപന്നിയെ ഭയന്ന് ഇന്ന് കൃഷി ഇറക്കാനേ കഴിയാത്ത സ്ഥിതിയാണ്. നടുന്പോൾതന്നെ ഇവ കുത്തിമറിച്ചിരിക്കും.
ചിലയിടങ്ങളിൽ വിളവ് എത്തുന്പോഴായിരിക്കും ആക്രമണം കൂടുതലായി ഉണ്ടാകുക. കുലച്ച ഏത്തവാഴകൾ വരെ കുത്തി മറിച്ചിടാറുണ്ട്. വെറ്റിലക്കൊടി കെട്ടി ഈറ തള്ളിയിട്ടും നാശം വരുത്തുന്നു. ഇഞ്ചിക്കർഷകർക്കു നേരേയും ആക്രമണമുണ്ട്. ഇഞ്ചിയും മഞ്ഞളുമെല്ലാം ഒരേ പോലെ നശിപ്പിക്കും.
വെടിവയ്ക്കാൻ ആളില്ല; കൃഷിയിട സംരക്ഷണവും പാളി
കാട്ടുപന്നിയെ തുരത്താൻ തോക്ക് ലൈസൻസുള്ളവരെ ഉപയോഗിച്ച് വെടിവച്ചു കൊല്ലാൻ ഗ്രാമപഞ്ചായത്തിന് അധികാരം നൽകിയെങ്കിലും ഏഴംകുളത്ത് ഒരു പന്നിയെ പോലും വെടിവച്ചില്ല. ശല്യക്കാരായ പന്നികളെ വെടിവയ്ക്കാനാണ് ഉത്തരവ്. ഇതിനായി അഞ്ചുപേരെ പഞ്ചായത്ത് എം പാനൽ ചെയ്തിരുന്നു.
ജനവാസ മേഖലയിൽ ഇങ്ങുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ ഉത്തരവ് നൽകേണ്ടത് പഞ്ചായത്ത് പ്രസിഡന്റാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകളും അവ്യക്തതകളും മാറിയിട്ടില്ല. വെടിവയ്ക്കുന്ന ആൾക്ക് 1000 രൂപ നൽകണം. പന്നിയെ മറവു ചെയ്യേണ്ട പണം കണ്ടെത്തേണ്ടതും ഗ്രാമപഞ്ചായത്താണ്. ഫണ്ടിന്റെ അഭാവം കാരണം ഈ പണിയും പഞ്ചായത്ത് വേണ്ടെന്നുവച്ചിരിക്കുകയാണ്.
കൃഷിയിടങ്ങൾ സോളാർവേലി ഉപയോഗിച്ച് സംരക്ഷിക്കാൻ പദ്ധതിയിട്ടെങ്കിലും ഇതിനുള്ള പണവും തികഞ്ഞില്ല. കൃഷിയിട സംരക്ഷണത്തിനു പഞ്ചായത്തിന്റെ പദ്ധതി വിഹിതം അഞ്ചു ലക്ഷം രൂപയിൽ താഴെയാണ്.
ഇതുപയോഗിച്ച് കൃഷിയിടങ്ങൾക്ക് ചുറ്റം വേലി നിർമിക്കാനാകില്ല. ഗുണഭോക്താവിന്റെ സഹകരണത്തിൽ മതിൽ നിർമിക്കാനുള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ടുവന്നെങ്കിലും അതും വിജയിച്ചില്ല.