പന്പാ തീരമൊരുങ്ങുന്നു : മാരാമൺ കൺവൻഷൻ ഫെബ്രുവരി ഒന്‍പതു മുതൽ
1508218
Saturday, January 25, 2025 3:37 AM IST
പത്തനംതിട്ട: 130 -ാമത് മാരാമണ്‍ കണ്വന്ഷൻ ഫെബ്രുവരി ഒന്‍പതു മുതൽ 16 വരെ പന്പാ മണൽപ്പുറത്തു തയാറാക്കുന്ന പന്തലിൽ നടക്കും. ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30 ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. ജെറി പിള്ളൈ (സ്വിറ്റ്സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര് രാംചന്ദ്രന് (ന്യൂഡല്‍ഹി) എന്നിവരാണ് ഇക്കൊല്ലത്തെ മുഖ്യ പ്രസംഗകരെന്ന് കൺവൻഷൻ സംഘാടകരായ മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘത്തിന്റെ ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വ പത്രസമ്മേളനത്തിൽ പറഞ്ഞു.
14നു രാവിലെ 9.30 ന് എക്യുമെനിക്കല്‍ സമ്മേളനത്തിന് വിവിധ സഭാ മേലധ്യക്ഷന്മാര് പങ്കെടുക്കും. അഖിലലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശം നല്‍കും. ഉച്ച കഴിഞ്ഞുള്ള ലഹരിവിമോചന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ സന്ദേശം നല്‍കും.
വൈകുന്നേരം ആറിന് സാമൂഹ്യ തിന്മകള്ക്കെതിരേയുള്ള പ്രത്യേക സമ്മേളനത്തിൽ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പ്രസംഗിക്കും. തിങ്കൾ മുതൽ രാവിലെ 9.30നും വൈകുന്നേരം ആറിനും പൊതുയോഗങ്ങൾ ഉണ്ടാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുടുംബവേദി യോഗങ്ങൾ ഉച്ചകഴിഞ്ഞ് 2.30നും വ്യാഴാഴ്ച സന്നദ്ധസുവിശേഷ സംഘത്തിന്റെയും വെള്ളിയാഴ്ച സേവികാ സംഘത്തിന്റെയും ശനിയാഴ്ച സുവിശേഷ പ്രസംഗസംഘത്തിന്റെയും യോഗങ്ങൾ നടക്കും. വ്യാഴം മുതൽ ശനി വരെ വൈകുന്നേരം നാലിന് യുവവേദി യോഗങ്ങൾ ആരംഭിക്കും.
ബുധന്‍ മുതല്‍ ശനിവരെ രാത്രി 7.30 മുതല്‍ ഒന്പതുവരെ ഹിന്ദി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന് ഫീല്‍ഡ് കൂട്ടായ്മകള്‍ കൺവൻഷൻ പന്തലിൽ നടക്കും.
മാര്‍ത്തോമ്മ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്വന്ഷന് നേതൃത്വം നല്‍കുന്നത്. ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ, കമ്മിറ്റി അംഗങ്ങളായ പി.പി.അച്ചന്‍കുഞ്ഞ്, ഗീതാ മാത്യു, ജോര്‍ജ് കെ. നൈനാന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പന്തൽ ഓലമേയൽ 29 മുതൽ
ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണമാണ് മണൽപ്പുറത്ത് നടക്കുന്നത്. കോഴഞ്ചേരി, മാരാമൺ പരിസരങ്ങളിലുള്ള മാർത്തോമ്മ ഇടവകകളുടെ ചുമതലയിലാണ് പന്തൽ നിർമാണം. പ്രധാന പന്തൽ, കുട്ടിപ്പന്തൽ, മണൽപ്പുറത്ത് ഷെഡുകൾ, ഓഫീസുകൾ എന്നിവയെല്ലാം ഓല ഉപയോഗിച്ചാണ് മേയുന്നത്. നാട്ടിൽ ഓലയ്ക്കു ലഭ്യതക്കുറവുള്ളതിനാൽ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽനിന്നാണ് ഓല എത്തിച്ചിരിക്കുന്നത്.
മാർത്തോമ്മ ഇടവകാംഗങ്ങൾ തന്നെയാണ് ഇത് മേയുന്നത്. ഓലമേയൽ 29നു രാവിലെ 7.30ന് ആരംഭിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. കുട്ടിപ്പന്തൽ കുട്ടികളുടെകൂടി പങ്കാളിത്തത്തിൽ മേയാനാണ് തീരുമാനം. ഓല മേയൽ ഫെബ്രുവരി അഞ്ചോടെ പൂർത്തിയാകും.
മണൽപ്പുറത്തേക്കുള്ള താത്കാലിക പാലങ്ങളുടെ നിർമാണവും പൂർത്തിയായി വരുന്നു. മണൽപ്പുറം വൃത്തിയാക്കുന്ന ജോലികൾ പൂർത്തീകരിച്ചു. ചെളിയും പുല്ലും നീക്കം ചെയ്തു മണൽ വിരിച്ചാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.
പരിസ്ഥിതി സൗഹൃദ സന്ദേശ യാത്ര ഒന്നിന്
മാരാമൺ കണ്‍വന്‍ഷനോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് പരിസ്ഥിതി സൗഹൃദ സന്ദേശ യാത്ര സംഘത്തിന്റെ ജന്മഗൃഹമായ കല്ലിശേരി കടവില്‍ മാളികയില്‍ നിന്ന് ആരംഭിച്ച് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ സമാപിക്കും. രാവിലെ എട്ടിന് കടവിൽ മാളികയിൽ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
പരിസ്ഥിതി സൗഹൃദ സമ്മേളനം വൈകുന്നേരം നാലിന് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. ഇതോടനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിക്കും തുടക്കമാകും. ഹരിതച്ചട്ടം പൂർണമായി പാലിച്ചുകൊണ്ടാണ് കൺവൻഷൻ ക്രമീകരണമെന്നും സംഘാടകർ അറിയിച്ചു.