പുനരൈക്യ വാർഷികം: എംസിവൈഎം പ്രയാണ പരിപാടികൾ ആരംഭിച്ചു
1508217
Saturday, January 25, 2025 3:37 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാം പുനരൈക്യ വാർഷിക ആഘോഷങ്ങൾക്കും സഭാ സംഗമത്തിനും മുന്നോടിയായി എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രയാണങ്ങൾക്ക് തുടക്കമായി.
പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അഞ്ച് വൈദിക ജില്ലകളിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർക്ക് വെള്ളിക്കുരിശ്, വിശുദ്ധ ബൈബിൾ, എംസിവൈഎം പതാക എന്നിവ നൽകിക്കൊണ്ടാണ് പ്രയാണത്തിന് ആരംഭം കുറിച്ചത്. ഭദ്രാസനത്തിലെ നൂറ് യൂണിറ്റുകളിലും പുനരൈക്യ വാർഷിക ആഘോഷത്തിന്റെ അറിയിപ്പ് എത്തുന്ന വിധം ഈ പ്രയാണങ്ങൾ നടത്തും.
പ്രയാണംയൂണിറ്റുകളിൽ എത്തിച്ചേരുമ്പോൾ ഇടവക സമൂഹം ഒന്നാകെ സ്വീകരിക്കും. യൂണിറ്റുകൾ തോറും പ്രത്യേക പ്രാർഥനകളും ഉപവി പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ഇതോടൊപ്പം ക്രമീകരിക്കും.
പ്രയാണങ്ങൾ എല്ലാ യൂണിറ്റുകളിലും പൂർത്തീകരിച്ച് പുനരൈക്യ സംഗമത്തോടെ ചേർന്ന് വിളംബര റാലിയായി തിരികെ എത്തിച്ചേരും. പുനരൈക്യ വാർഷിക ആഘോഷങ്ങളോടും വചന വർഷത്തോടും ചേർന്ന് എംസിവൈഎം പത്തനംതിട്ട ഭദ്രാസന സമിതിയും വൈദിക ജില്ലകളും പ്രയാണങ്ങൾക്ക് നേതൃത്വം നൽകും.