രക്തരക്ഷസിനു പത്തനംതിട്ട വീണ്ടും വേദി; നാളെ മുതൽ പ്രദർശനം
1508231
Saturday, January 25, 2025 3:46 AM IST
പത്തനംതിട്ട: സ്ഥിരം നാടകവേദിയെന്ന ആശയത്തിന് സാക്ഷാത്കാരം നല്കിയ നാടകരംഗത്തെ അതികായന് കലാനിലയം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത രക്തരക്ഷസ് എന്ന നാടകം നാളെ പത്തനംതിട്ടയില്‍ പ്രദര്‍ശനത്തിന് എത്തും. 51 വർഷം മുന്‍പാണ് രക്തരക്ഷസ് ആദ്യമായി അരങ്ങിലെത്തിയത്. മലയാള നാടകത്തിന്റെ മുഖച്ഛായ തന്നെ മാറ്റി എഴുതിയ നാടകമായിരുന്നു രക്തരക്ഷസും കടമറ്റത്ത് കത്തനാരും.
1980 ല്‍ കലാനിലയം കൃഷ്ണന് നായരുടെ മരണത്തോടെ സ്ഥിരം നാടകവേദിക്ക് കര്ട്ടന് വീണു. ജഗതി എന്‍.കെ. ആചാരി ആയിരുന്നു രക്തരക്ഷസിന് നാടകരൂപം നല്‍കിയത്. 2003 ല്‍ കലാനിലയം കൃഷ്ണന് നായരുടെ മകന് അനന്തപത്മനാഭനും ജഗതി എന്‍.കെ. ആചാരിയുടെ മകന് ജഗതി ശ്രീകുമാറും ചേര്‍ന്ന് കലാനിലയം സ്ഥിരം നാടകവേദി പുനരുജ്ജീവിപ്പിച്ചു. രക്തരക്ഷസും കടമറ്റത്ത് കത്തനാരും വീണ്ടും അരങ്ങിലെത്തി. 2012ല്‍ ജഗതി ശ്രീകുമാറിന് കാര്‍ അപകടത്തെത്തുടര്‍ന്ന് ഗുരുതര പരിക്കേറ്റതോടെ കലാനിലയത്തിന്റെ നടത്തിപ്പ് അനന്തപത്മനാഭന് ഒറ്റയ്ക്കായി.
കോവിഡ് വന്നതോടെ നാടകവേദിയുടെ പ്രവര്‍ത്തനം വീണ്ടും മുടങ്ങി. പിന്നീട് ഏരിസ് കമ്പനി ഉടമ സോഹന്‍ റോയിയുമായി അനന്തപത്മനാഭന് ചര്‍ച്ച നടത്തുകയും കലാനിലയം ഏരീസുമായി സഹകരിച്ച് പ്രദര്‍ശനം വീണ്ടും ആരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
അങ്ങനെ ഏരീസ് കലാനിലയം ആര്‍ട്സ് ആന്‍ഡ് തിയറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് രൂപം കൊണ്ടു. ആദ്യമായി അവതരിപ്പിക്കുന്നത് രക്തരക്ഷസാണ്. പഴമയും പുതുമയും കോര്‍ത്തിണക്കിയാണ് നാടകം അരങ്ങേറുന്നതെന്ന് ഏരീസ് കലാനിലയം എം.ഡി അനന്തപത്മനാഭന്, ഡയറക്ടര്‍ ബോര്‍ഡ് അംഗവും നടനുമായ വിയാന്‍ മംഗലശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
10,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. സദസില്‍ 600 പേര്‍ക്ക് ഇരിക്കാം. 7.1 ഡിജിറ്റല്‍ ശബ്ദമികവാണ് നാടകത്തിന്. സിനിമയെ വെല്ലുന്ന സെറ്റിംഗ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവയൊന്നും ഡിജിറ്റല്‍ സഹായത്തോടെ അല്ല, സെറ്റാണെന്നും അനന്തപത്മനാഭന് പറഞ്ഞു.
രക്തരക്ഷസ് ചാപ്റ്റര ഒന്നാണ് ഇപ്പോള്‍ അരങ്ങിലുള്ളത. ചാപ്റ്റര്‍ രണ്ട് അടുത്ത വര്‍ഷം അവതരിപ്പിക്കും. പിന്നാലെ കടമറ്റത്ത് കത്തനാരും ഉണ്ടാകും. നൂറിലധികം അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമാണ് നാടകത്തിന് പിന്നില്‍ അണി നിരക്കുന്നത്. പത്തനംതിട്ട ജിയോ ഗ്രൗണ്ടില്‍ നാളെ വൈകുന്നേരം ആറിന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
25 ദിവസത്തെ ക്യാമ്പാണ് പത്തനംതിട്ടയില്‍. ദിവസേന വൈകുന്നേരം ആറിനും രാത്രി ഒമ്പതിനുമായി രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. 2.45 മണിക്കൂറാണ് നാടകത്തിന്റെ ദൈര്‍ഘ്യം. സ്കൂള്‍ കുട്ടികള്‍ക്കായി രാവിലെ പ്രത്യേക പ്രദര്‍ശനം ഉണ്ടാകുമെന്നും അനന്തപത്മനാഭന് പറഞ്ഞു.