അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്: ക്രമീകരണങ്ങള്‍ വിലയിരുത്തി
1508221
Saturday, January 25, 2025 3:37 AM IST
പത്തനംതിട്ട: ഫെബ്രുവരി രണ്ടു മുതല്‍ ഒമ്പത് വരെ അയിരൂര്‍ - ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് ഒരുക്കേണ്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ശ്രീവിദ്യാധിരാജ ഹാളില്‍ പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ചര്‍ച്ച ചെയ്തു.
ക്രമസമാധാനം, ഗതാഗതനിയന്ത്രണം, വിഐപി സുരക്ഷ, പാര്‍ക്കിംഗ് തുടങ്ങിയവ മോട്ടോര്‍ വാഹനവകുപ്പിന്റെ സഹകരണത്തോടെ പോലീസ് നിര്‍വഹിക്കും. അഗ്നിസുരക്ഷാ സേനയുടെ നേതൃത്വത്തില്‍ സ്ക്യൂബ ഡൈവിംഗ്, റെസ്ക്യൂ ടീമുകള്‍ സജ്ജമാക്കും. സിവില്‍ ഡിഫന്‍സ്, ആപ്ദ മിത്ര വോളന്റിയര്‍മാരുമുണ്ടാകും. മേജര്‍ ഇറിഗേഷന്‍ വകുപ്പ് നദിയില്‍ അടിഞ്ഞുകൂടിയ ചെളിയും പുറ്റുകളും നീക്കം ചെയ്യും.
ആരോഗ്യവകുപ്പ് മെഡിക്കല്‍ എയ്ഡ്പോസ്റ്റ് സജ്ജീകരിക്കും. കോഴഞ്ചേരി, റാന്നി സര്‍ക്കാര്‍ആശുപത്രികളില്‍ അടിയന്തര വൈദ്യസഹായത്തിന് സൗകര്യം ഉറപ്പാക്കും. ആംബുലന്‍സ് സേവനവും ല്യമാക്കും. ഭക്ഷ്യസ്റ്റാളുകളില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തും. മൊബൈല്‍ പരിശോധന ലാബും സജ്ജമാക്കും.
പരിഷത്ത് നഗറിലേക്കുള്ള വഴികളിലെ കാടു തെളിച്ച് ദിശാസൂചക ബോര്‍ഡുകള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം സ്ഥാപിക്കും. പന്തല്‍, സ്റ്റേജ് എന്നിവ സുരക്ഷ പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിര്‍വഹിക്കുക. ജല അഥോറിറ്റി ജലശുദ്ധീകരണ പ്ലാന്റുകളും കിയോസ്കുകളും സ്ഥാപിക്കും.
പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം ഡിപ്പോകളിൽനിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കും. പരിഷത്തിനുശേഷം തിരികെയും സര്‍വീസുകളുമുണ്ടാകും.
തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കളക്ടർ ആര്. രാജലക്ഷ്മി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്. സന്തോഷ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, ജനറല്‍ സെക്രട്ടറി എ. ആര്. വിക്രമന് പിള്ള, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഉദ്യോഗസ്ഥര്‍, ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.