വീട്ടിലേക്കു സ്ഫോടകവസ്തുക്കൾ എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ
1508872
Tuesday, January 28, 2025 2:21 AM IST
മല്ലപ്പള്ളി: മുൻ വിരോധത്താൽ യുവാവിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കളും മറ്റും എറിഞ്ഞ കേസിൽ മൂന്നു പേരെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മുണ്ടിയപ്പള്ളി വാക്കേകടവ് ആശാരിപ്പറമ്പിൽ എ.എസ്. രാകേഷ് (32), കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മാമണത്ത് എം. സോനു (26), കൊല്ലം കരിക്കോട് ബിൻസി ഭവനം വീട്ടിൽ എൻ. നിസാർ (26) എന്നിവരാണ് പിടിയിലായത്. നാലാം പ്രതി കുന്നന്താനം ആഞ്ഞിലിത്താനം വെള്ളാപ്പള്ളി വീട്ടിൽ അനീഷ് കെ. ഏബ്രഹാം(27) ഒളിവിലാണ്. സോനു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, കാപ്പ നിയമനടപടികൾക്ക് വിധേയനുമാണ്.
കുന്നന്താനം പ്ലാത്താനം തെക്കേവീട്ടിൽ സായികുമാറിന്റെ വീട്ടിലേക്കാണ് കഴിഞ്ഞ 20നു രാത്രി പന്ത്രണ്ടോടെ നാലംഗ സംഘം സ്ഫോടകവസ്തുക്കളും മറ്റും എറിഞ്ഞത്. സായികുമാറിന്റെ സുഹൃത്ത് ജയേഷുമായി ഇവർ തലേദിവസം ആഞ്ഞിലിത്താനത്തുവച്ചുണ്ടായ വാക്കുതർക്കം ഇയാൾ ഇടപെട്ട് പരിഹരിച്ചിരുന്നു.
അന്നുതന്നെ ഇതിന്റെ പേരിൽ രാകേഷു സംഘവും ഇയാളെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പിറ്റേന്ന് നാടൻ ബോംബ് പോലുള്ള വസ്തു വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നുവെന്നു പറയുന്നു. പെട്രോൾ നിറച്ച ബിയർ കുപ്പി എറിഞ്ഞു പൊട്ടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം, വീട്ടുകാർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ പോലീസ് വീട്ടിലെത്തി വിവരം അന്വേഷിക്കുകയും, സായികുമാറിന്റെ മൊഴിരേഖപ്പെടുത്തി പിറ്റേന്ന് കേസ് രജിസ്റ്റർ ചെയ്ത് സാങ്കേതിക സഹായത്തോടെ അന്വേഷണം നടത്തിയാണ് നാലംഗ സംഘത്തെ തിരിച്ചറിഞ്ഞത്.