പത്തനംതിട്ട രൂപത ക്രിസ്റ്റല്‍ ജൂബിലി നിറവില്‍
1508417
Sunday, January 26, 2025 3:43 AM IST
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത നിലവില്‍ വന്നിട്ട് 15 വര്‍ഷങ്ങള്‍ പിന്നിടുന്നതിനോടനുബന്ധിച്ച് ഇന്നലെ തട്ട സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍ കൃതജ്ഞതാബലി അര്‍പ്പണം നടന്നു.
രൂപതയുടെ പ്രഥമ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായിരുന്നു. മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെതാപ്പോലീത്ത രൂപതാദിന സന്ദേശം നല്കി. വിവിധ കര്മവേദികളില് മികവ് പലര്‍ത്തിയ രൂപതയിലെ അംഗങ്ങളെ പത്തനംതിട്ട രൂപതാധ്യക്ഷന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ആദരിച്ചു.
വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് കാലായില്‍ വടക്കേതില്‍, രൂപത പ്രൊക്കുറേറ്റര്‍ ഫാ. ഏബ്രഹാം മേപ്പുറത്ത്, തട്ട ഇടവക വികാരി ഫാ. കുര്യാക്കോസ് കൂത്തനേത്ത് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
2010 ജനുവരി 25ന് നിലവില്‍ വന്ന രൂപത 15 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ക്രിസ്റ്റല്‍ ജൂബിലിയാണ് തട്ട പള്ളിയില്‍ ആഘോഷിച്ചത്. കോര്‍ എപ്പിസ്കോപ്പമാര്‍, റമ്പാന്മാര്, വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സുവിശേഷ സംഘാംഗങ്ങള്‍, ഇടവക പ്രതിനിധികള്‍ എന്നിങ്ങനെ നൂറു കണക്കിനുപേര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.
പത്തനംതിട്ടയുടെ മണ്ണില്‍ എല്ലാ ക്രിസ്തീയ സഭകളുടെയും സവിശേഷ സാന്നിധ്യവും നിരവധി രൂപതകളുടെ ആസ്ഥാനവുമുണ്ടെങ്കിലും ജില്ലയുടെ പേരില്‍ത്തന്നെയുള്ള ഒരു രൂപത എന്നത് പ്രത്യേകതയാണ്.
കോന്നി, പന്തളം, പത്തനംതിട്ട, റാന്നി -പെരുന്നാട്, സീതത്തോട് എന്നീ അഞ്ച് വൈദിക ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പത്തനംതിട്ട രൂപതയില്‍ 100 ദേവാലയങ്ങള്‍ ഉണ്ട്. അടൂര്‍ - പറന്തല്‍ മാര്‍ ക്രിസോസ്റ്റം കോളജ്, അടൂര്‍ ആള്‍സെയിന്റ്സ് സ്കൂള്‍, പത്തനംതിട്ട മഡോണ സ്കൂള്‍ ഉള്‍പ്പെടെ 35 ല്‍ അധികം വിദ്യാദ്യാസ സ്ഥാപനങ്ങള്‍ രൂപതയ്ക്കുണ്ട്.
അഗതികളും ആലംബഹീനരുമായവരെ സംരക്ഷിക്കുന്ന എട്ട് ശരണാലയങ്ങള്‍ രൂപതയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. ക്രിസ്റ്റല്‍ ജൂബിലിയുടെ ഭാഗമായി രോഗികളെയും നിര്‍ധനരെയും താങ്ങുകയും കരുതുകയും ചെയ്യുന്ന സാന്തോം പാലിയേറ്റീവ് കെയര്‍ ശുശ്രൂഷയ്ക്കും രൂപത തുടക്കം കുറിച്ചു.