മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയില്‍
1508408
Sunday, January 26, 2025 3:31 AM IST
പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കൂടല്‍ കലഞ്ഞൂര്‍ കഞ്ചോട് അലിയാത്ത് വീട്ടില്‍ മനു മുരളിയാണ് (36) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കലഞ്ഞൂര്‍ ഒന്നാംകുറ്റി കൊച്ചുപുത്തന്‍ വീട്ടില്‍ ശിവപ്രസാദ് (36) നെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ ഇരുവരും വെള്ളിയാഴ്ച രാത്രി തുടങ്ങിയ മദ്യപാനം ഒടുവില്‍ വാക്കുതര്‍ക്കത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു.
മനു ഹിറ്റാച്ചി ഡ്രൈവറാണ്. പരിക്കേറ്റ ഇയാളെ ശിവപ്രസാദാണ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, കോന്നി ഡിവൈഎസ്പി ടി. രാജപ്പന്റെ നേതൃത്വത്തില്‍ കുമ്പഴയില്‍ ഇയാളുടെ ബന്ധുവീട്ടില്‍നിന്ന് ശിവപ്രസാദിനെ കസ്റ്റഡിയിലെടുത്തു.
ശിവപ്രസാദിന്റെ വീട്ടിലിരുന്നായിരുന്നു ഇരുവരും മദ്യപിച്ചത്. സംഭവശേഷം ഇയാള്‍തന്നെ സ്ഥലത്തെ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് വരുത്തി മനുവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടനെ പോലീസ് സംഘം വീട്ടിലെത്തുമ്പോഴേക്കും മനുവിനെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന്, പോലീസ് പത്തനാപുരത്തെ ആശുപത്രിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍ യുവാവ് കൊല്ലപ്പെട്ടതറിഞ്ഞ ശിവപ്രസാദ് കടന്നുകളയുകയായിരുന്നു.
സംഘത്തില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും, കൂടല്‍ സ്റ്റേഷനിലെ എസ്ഐമാരായ ആര്. അനില്‍ കുമാര്‍, ബിജുമോന്, എസ്സിപിഓമാരായ അജികര്‍മ്മ, പ്രശാന്ത്, രാജേഷ്, അനില്‍കുമാര്‍, സിപിഒ വിജീഷ് എന്നിവരും ഉണ്ടായിരുന്നു.