ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തെരഞ്ഞെടുപ്പെന്ന് കളക്ടര്‍
1508419
Sunday, January 26, 2025 3:44 AM IST
പത്തനംതിട്ട: ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തെരഞ്ഞെടുപ്പെന്നും അതില്‍ വോട്ട് ചെയ്യുക എന്നത് അവകാശത്തിനൊപ്പം കടമകൂടിയാണെന്നും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ദേശീയ സമ്മതിദായക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംരക്ഷണത്തിന് വോട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടികള്‍ ലോകത്തിനാകെ മാതൃകയാണ്. നാം വോട്ടു ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ വോട്ട് ചെയ്യുന്നതിനുകൂടി പ്രേരിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ആഹ്വാനം ചെയ്തു.
റോളര്‍ സ്കേറ്റിംഗ് ലോക ജൂണിയര്‍ ചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ പ്രമാടം സ്വദേശി അഭിജിത്ത് അമല്‍രാജ് മുഖ്യാതിഥിയായിരുന്നു. സമ്മതിദായക പ്രതിജ്ഞ അഭിജിത് ചൊല്ലികൊടുത്തു.
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ വിജയികളായ ഫേബ സാബു (കോഴഞ്ചേരി, സെന്റ് തോമസ് കോളജ്), ഹിമ ഹരീഷ് (മണക്കാല എന്‍ജിനിയറിംഗ് കോളജ്), പ്രശ്നോത്തരിയില്‍ വിജയിച്ച എസ്. അഭിനന്ദ് (പത്തനംതിട്ട, കാതോലിക്കേറ്റ് കോളജ്),
ജയദീപ് ഭട്ടാചാര്‍ജി (കോഴഞ്ചേരി, സെന്റ് തോമസ് കോളജ്), ഭദ്ര കൃഷ്ണകുമാര്‍ നായര്‍ (പത്തനംതിട്ട, കാതോലിക്കേറ്റ് കോളജ്), കെവിന് ബിജോയി (കോഴഞ്ചേരി, സെന്റ് തോമസ് കോളജ്) എന്നിവര്‍ക്കുള്ള പുരസ്കാരം ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുത്ത പുതിയ വോട്ടര്‍മാരായ ഫൈസ ഫാസില്‍, ബി. വിജയ്, ശ്രുതി ശ്രീകുമാര്‍ എന്നിവര്‍ക്ക് വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡും അദ്ദേഹം നല്കി.
എഡിഎം ബി. ജ്യോതി അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ബീന എസ്. ഹനീഫ്, മിനി തോമസ്, ജേക്കബ് ടി. ജോര്‍ജ്, ആര്. ശ്രീലത, ആര്. രാജലക്ഷ്മി, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.