സൈബര്‍ തട്ടിപ്പ്: വിമുക്തഭടന് നഷ്ടമായത് 45 ലക്ഷം രൂപ
1508410
Sunday, January 26, 2025 3:31 AM IST
പത്തനംതിട്ട: സൈബര്‍ തട്ടിപ്പിലൂടെ വിമുക്തഭടന്റെ 45 ലക്ഷം രൂപ നഷ്ടമായി. പത്തനംതിട്ട കുഴിക്കാല, കല്ലുംപുറത്ത് കെ.തോമസിന്റെ (83) പണമാണ് നഷ്ടമായത്. സിബിഐയില്നിന്നുമുള്ള ഉദ്യോഗസ്ഥരാണെന്ന് തെറ്റിധരിപ്പിച്ച് വാട്സാപ്പ് വഴി വന്ന കോളിലൂടെയാണ് പണം തട്ടിയത്.
കഴിഞ്ഞ 17നാണ് ആദ്യ വാട്സാപ്പ് കോള്‍ വരുന്നത്. സിബിഐ ഉദ്യോഗസ്ഥരുടെ രൂപത്തിലെത്തിയ തട്ടിപ്പുകാര്‍ തോമസിനോട് താങ്കളുടെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത പണമാണെത്തിയിട്ടുള്ളതെന്നും അനധികൃതമായി പണം എത്തിയതു സംബന്ധിച്ച് കേസെടുക്കുമെന്നും പറഞ്ഞു. ഇത് വലിയ ശിക്ഷാര്‍ഹമായ കുറ്റവുമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് തനിക്ക് ലഭിച്ചിട്ടുള്ള പെന്ഷന് തുകയാണെന്ന് തോമസ് അവരോടു പറഞ്ഞിരുന്നു.
പിന്നീട് തുടര്‍ച്ചയായി ഇവരുടെ കോളുകള്‍ വന്നു. തോമസിന്റെ മകന്റെ ചിത്രമുള്ള വാട്സാപ്പ് അക്കൗണ്ടില്‍നിന്നാണ് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നത്. ഇംഗ്ളീഷിലായിരുന്നു മുഴുവന്‍ സംസാരവും.
തോമസിന്റെ അക്കൗണ്ടിലെ തുകയെപ്പറ്റി കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനുവേണ്ടി പണം മുഴുവനും ആര്‍ബിഐയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അതിനായി അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്നും പറഞ്ഞു. തെറ്റിധരിപ്പിക്കപ്പെട്ട തോമസ് ഈ മാസം 20ന് ആദ്യത്തെ 10 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്ക് അയച്ചുകൊടുത്തു. പിന്നീട് 23ന് അക്കൗണ്ടില്ക്കിടന്ന ബാക്കി 35 ലക്ഷവും അയച്ചു.
45 ലക്ഷം തട്ടിയതിനു ശേഷവും കുറ്റവാളികള്‍ തോമസിനോട് ബാക്കി അക്കൗണ്ടുകളില്‍ ഉള്ള പണവും പരിശോധനയ്ക്കായി അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഇതിനായി തോമസ് ബാങ്കിലെത്തിയപ്പോള്‍ സംശയം തോന്നിയ മാനേജര്‍ സംഭവത്തില്‍ ഇടപെടുകയും തോമസിന്റെ ഒരു ബന്ധുവിനെ വിവരമറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്.