പത്തനംതിട്ട ടൗണ്‍ സ്ക്വയര്‍ നിര്‍മാണം അന്തിമഘട്ടത്തില്‍
1508418
Sunday, January 26, 2025 3:43 AM IST
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് ടൗണ്‍ സ്ക്വയര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു. വൈകുന്നേരങ്ങളില്‍ വിശ്രമത്തിനും സാംസ്കാരിക കൂട്ടായ്മകള്‍ക്കും പൊതുയോഗങ്ങള്‍ക്കും ഇനി സ്ഥിരം വേദിയൊരുങ്ങകയാണ് ടൗണ്‍ സ്ക്വയറിൽ. ഓപ്പണ്‍ സ്റ്റേജും പൂന്തോട്ടവും പാര്‍ക്കും ഇതിന്റെ ഭാഗമാകും. ലഘുഭക്ഷണശാലയും ശൗചാലയവും ഇതിനൊപ്പമുണ്ടാകും.
അബാന്‍ ജംഗ്ഷനില്‍ മിനി സിവില്സ്റ്റേഷന് റോഡിന് അഭിമുഖമായാണ് സ്ക്വയര്‍. അബാന്‍ മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി നഗരസഭയുടെ ഓപ്പണ്‍സ്റ്റേജ് പൊളിച്ചുമാറ്റിയിരുന്നു. കെ.കെ. നായരുടെ പ്രതിമയ്ക്കും സ്ഥാനചലനമുണ്ടായി. ഇത്തരം പ്രശ്നങ്ങള്‍കൂടി പരിഹരിച്ചാണ് ടൗണ്‍ സ്ക്വയര്‍.
ജസ്റ്റീസ് ഫാത്തിമാബീവിക്കും കെ.കെ. നായര്‍ക്കും സ്മാരകം
ടൗണ്‍ സ്ക്വയര്‍ കവാടത്തിന് ജസ്റ്റീസ് ഫാത്തിമാബീവിയുടെ പേര് നല്‍കും. സ്ക്വയറില്‍ ജില്ലയുടെ പിതാവ് കെ.കെ. നായരുടെ പ്രതിമ സ്ഥാപിക്കും. ഉപയോഗശൂന്യമായിക്കിടന്ന റവന്യുഭൂമി ഏറ്റെടുത്താണ് ടൗണ്‍ സ്ക്വയര്‍ നിര്‍മിച്ചത്. ഇപ്പോഴത്തെ നഗരസഭാ ഭരണ സമിതിയാണ് പദ്ധതി വിഭാവനം ചെയ്തത്.
ഓപ്പണ്‍ സ്റ്റേജിന് മുന്നില്‍ ആയിരം പേര്‍ക്ക് ഇരിക്കാനുളള സൗകര്യമുണ്ട്. തറ ഇന്റര്‍ലോക്ക് പാകി. പ്രത്യേക ശബ്ദ, വെളിച്ച സംവിധാനം സ്ഥാപിക്കും. പ്രതിമ സ്ഥാപിക്കല്‍ ഉള്‍പ്പെടെ അവസാന പണികളാണ് ബാക്കിയുള്ളത്. ഭൂഗര്‍ഭ അറ വഴിയാണ് വൈദ്യുത ബന്ധം. ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടനം ഈ മാസം നടത്താനാണ് ശ്രമം.
നഗരസഭയിലെ അബാന്‍ വാര്‍ഡിന് ടൗണ്‍ സ്ക്വയര്‍ വാര്‍ഡ് എന്ന് നാമകരണം ചെയ്യും. ചെയര്മാന് ടി. സക്കീര്‍ ഹുസൈന് മുന്‍കൈയെടുത്താണ് ടൗണ്‍ സ്ക്വയറിന് പദ്ധതി ആവിഷ്കരിച്ചത്.
നഗരസഭാ പ്ലാനിംഗ് വിഭാഗത്തിന്റെ സഹായത്തോടെ പത്തനംതിട്ട സ്വദേശി മുഹമ്മദ് യാസിനാണ് ടൗണ്‍സ്ക്വയര്‍ രൂപകല്പന ചെയ്തത്.
ചെലവ് ഒരുകോടി
ഒരുകോടി രൂപ ചെലവിലാണ് ടൗണ്‍ സ്ക്വയര്‍ പൂര്‍ത്തീകരിക്കുന്നത്. 6000 ചതുരശ്ര അടി വിസ്തീര്‍ണം ഉണ്ടാകും. ജനങ്ങളുടെ സാംസ്കാരിക ഒത്തുചേരലുകള്‍ക്ക് വേദിയൊരുക്കുകയാണ് ടൗണ്‍ സ്ക്വയറെന്ന് ചെയര്മാന് ടി. സക്കീര്‍ ഹുസൈന് പറഞ്ഞു.
നഗരത്തില്‍ പൊതുവേദി ഉണ്ടാകുന്നതിനൊപ്പം പാര്‍ക്ക്, പൂന്തോട്ടം, ലഘുഭക്ഷണ ശാല എന്നിവകൂടി സജ്ജമാകുന്നതോടെ കുടുംബമായി ആളുകള്‍ക്ക് വിശ്രമവേള ചെലവഴിക്കാന്‍ ഒരിടമാകുമെന്നും ചെയര്മാന് പറഞ്ഞു.