ടാങ്കര്‍ ലോറിയില്‍ ജലവിതരണം നടത്തണം: യുഡിഎഫ്
1508407
Sunday, January 26, 2025 3:31 AM IST
പത്തനംതിട്ട : ജലക്ഷാമം രൂക്ഷമായ മേഖലകളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുവാന്‍ നഗരസഭ തയാറാകണമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. നഗരത്തിലെ മിക്ക വാര്‍ഡുകളിലും ജലക്ഷാമം രൂക്ഷമാണെന്നും പൈപ്പ് ലൈനിലെ വെള്ളമെത്താത്തതിനാല്‍ ജനങ്ങള്‍ വില കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരപ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി പറഞ്ഞു.
കിണറുകള്‍ ഇല്ലാത്തവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. പൈപ്പുലൈനുകള്‍ ഇല്ലാത്ത ഉയര്‍ന്ന മേഖലകളിലും കോളനികളിലും വെള്ളം ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഈ മേഖലകളിലാണ് ടാങ്കര്‍ ലോറിയില്‍ നഗരസഭ അടിയന്തരമായി വെള്ളമെത്തിക്കേണ്ടതെന്ന് അംഗങ്ങള്‍ പറഞ്ഞു.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും നിയന്ത്രിക്കുന്നതില്‍ ഭരണസമിതി പരാജപ്പെട്ടെന്നും യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും പ്ലാസ്റ്റിക് ശേഖരണം കൃത്യമായി നടത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജലവിതരണത്തിനായി ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവ് വരുന്ന മുറയ്ക്കു വിതരണം ആരംഭിക്കാമെന്നും ചെയര്മാന് ടി. സക്കീര്‍ ഹുസൈന് മറുപടി നല്കി. അംഗങ്ങളായ എ. സുരേഷ് കുമാര്‍, റോഷന് നായര്‍, റോസ്ലിന് സന്തോഷ്, സി.കെ. അര്ജുനന്, ആനി സജി, മേഴ്സി വര്‍ഗീസ്, അംബിക വേണു, ആന്‍സി തോമസ്, ഷീന രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.