കുടിവെള്ളമില്ല; പ്രതിഷേധവുമായി നാട്ടുകാർ
1508222
Saturday, January 25, 2025 3:37 AM IST
ചുങ്കപ്പാറ:കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ പ്രസ്പടി തടത്തേമലയിലെ നൂറിൽ അധികം വരുന്ന പ്രദേശവാസികൾ കുടിവെള്ളക്ഷാമം മൂലം പ്രതിസന്ധിയിൽ. വർഷങ്ങൾ പഴക്കമുള്ളതും വ്യാസം കുറഞ്ഞതുമായ വിതരണക്കുഴലാണ് കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ വെള്ളം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ.
ജലജീവൻ പദ്ധതിയിലെ പൈപ്പ് ലൈൻ ഈ പ്രദേശത്ത് ഇതേവരെ ഇട്ടിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ചെയ്യുന്ന നിരവധി കുടുംബാങ്ങൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ കുടിവെള്ളവും മറ്റു പ്രാഥമികാവശ്യങ്ങൾക്കുമുള്ള വെള്ളവും ലഭിക്കാത്ത സ്ഥിതിയാണ്. പിന്നീട് കിലോമീറ്ററുകൾ താണ്ടി ജലം ശേഖരിക്കേണ്ടിവരുന്നു. ടാങ്കർ ലോറികളിൽനിന്നും സ്ഥിരമായി വെള്ളം വില കൊടുത്തു വാങ്ങാനുള്ള സാന്പത്തികശേഷിയും തങ്ങൾക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന, തടത്തേമലയിലെ ജനങ്ങൾക്ക് പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും ഇടപെട്ട് കുടിവെള്ളം ലഭിക്കുന്നതിന് നടപടി സ്വികരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.