കല്ലൂപ്പാറ വിത്തുവേലി ചന്തയില്‍ വന്‍ പങ്കാളിത്തം
1508421
Sunday, January 26, 2025 3:44 AM IST
കല്ലൂപ്പാറ: കല്ലൂപ്പാറ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് പ്രമോട്ടേഴ്സ് അസോസിയേഷന്, ഗ്രാമപഞ്ചായത്ത് കൃഷിഭവന് എന്നിവയുടെ സഹകരണത്തോടെ പച്ചത്തുരുത്തില്‍ സംഘടിപ്പിച്ച വിത്തുവേലിചന്തയില് വന്‍ ജനപങ്കാളിത്തം. പാള ത്തൈര്, മുള്കിഴങ്ങ്, അടതാപ്പ് തുടങ്ങി പുതുതലമുറയ്ക്ക് കേട്ടറിവുമാത്രമുള്ള തനത് വിഭവങ്ങള്‍ തേടി നൂറുകണക്കിനാളുകളാണ് ചന്ത തുടങ്ങും മുമ്പുതന്നെയെത്തിയത്.
പഞ്ചായത്തിലെ കുട്ടികര്‍ഷക ദിയ വി. സത്യന്, മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി വി.എസ്. പാപ്പന് എന്നിവര്‍ ചേര്‍ന്ന് ചന്ത ഉദ്ഘാടനം ചെയ്തു.കല്ലൂപ്പാറ പാളത്തൈരിന്റെ ആദ്യ വിൽപ്പന ഫാ. സൈജു അയ്യങ്കരി നിര്‍വഹിച്ചു. സംഘം ഭാരവാഹികളായ സി.കെ. മത്തായി, ലെജു ഏബ്രഹാം, വിജോയ് പുത്തോട്ടില്‍, സതീഷ് ഏബ്രഹാം. റെജി ഏബ്രഹാം, പി.വി. സജികുമാര്‍ കേരള പ്രാദേശിക ചരിത്ര പഠന സമിതി സെക്രട്ടറി പള്ളിക്കോണം രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
കിഴങ്ങു വിളകള്‍, നാടന്‍ പച്ചക്കറി തൈകളും വിത്തുകളും കറി പൊടികള്‍, ചക്ക വിഭവങ്ങള്‍, തേന്‍ ഉത്പന്നങ്ങള്‍, കൂണ് ഉത്പന്നങ്ങള്‍ തുടങ്ങി നാടന്‍ വിഭവങ്ങളുടെ വന്‍ വിൽപ്പനയാണ് ചന്തയില്‍ നടന്നത്.