മഞ്ഞിനിക്കര പെരുന്നാള്‍: സർക്കാർതല ക്രമീകരണങ്ങൾ അവലോകനം ചെയ്തു
1508216
Saturday, January 25, 2025 3:37 AM IST
പത്തനംതിട്ട: ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.
പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം.
മഞ്ഞിനിക്കര ദയറയ്ക്ക് സമീപം അഗ്നിസുരക്ഷാ യൂണിറ്റുണ്ടാകും. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, മഞ്ഞിനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വഴികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പാക്കും.
ഹരിത ചട്ടപാലനം ഉറപ്പാക്കാന്‍ സ്റ്റീല്‍ ഗ്ലാസുകളിലാകും കുടിവെള്ള വിതരണം. 24 മണിക്കൂറും ജല അഥോറിറ്റിയുടെ മേല്‍നോട്ടത്തിലാകും കുടിവെള്ള വിതരണം.ഏകഉപയോഗ പ്ലാസ്റ്റിക് നിരോധിച്ചു. കെഎസ്ആര്‍ടിസി താത്കാലിക ബസ് സ്റ്റേഷന് ക്രമീകരിച്ച് വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസുകൾ നടത്തും.
പദയാത്രികര്‍ കുളിക്കാനും മറ്റുമായി സംഗമിക്കുന്ന മല്ലപ്പുഴശേരി പരപ്പുഴകടവില്‍ വെളിച്ചവും പോലീസ് സാന്നിധ്യവും ഉറപ്പാക്കും. വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കളുടെ വില്പന തടയാന്‍ പോലീസ് പട്രോളിംഗുണ്ടാകും. ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യു, സിവില്‍ സപ്ലൈസ് വകുപ്പ് സ്ക്വാഡുകള്‍, അളവ്-തൂക്കം, ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പാക്കും.
സര്‍ക്കാര്‍ വകുപ്പുകളുടെപ്രവര്ത്തനങ്ങള്ഏകോപ്പിക്കാന് അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസറെ കോ ഓര്‍ഡിനേറ്ററായും കോഴഞ്ചേരി തഹസില്‍ദാരെ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായും ചുമതലപ്പെടുത്തി.