കോന്നിയില്‍ വന്യജീവി ശല്യം നേരിടാന്‍ മാസ്റ്റര്‍ പ്ലാന്‍ : സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ ആറുകോടി
1508215
Saturday, January 25, 2025 3:37 AM IST
കോന്നി: കോന്നി നിയോജക മണ്ഡല പരിധിയില്‍ വന്യജീവികളില്‍ നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ നേരിടുന്നതിനു വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ടമെന്ന നിലയില്‍ കോന്നി ആനത്താവളത്തില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
കോന്നി മണ്ഡലത്തില്‍ മാതൃകാപരമായി വന്യജീവി സംഘര്‍ഷത്തില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമായി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയാണ് ലക്ഷ്യം.
കോന്നിയിലെ ഓരോ വനം സ്റ്റേഷനും പ്രത്യേകമായെടുത്ത് അതിന്റെ പരിധിയിലുള്ള മേഖലകളില്‍ വന്യ മൃഗങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കും. മണ്ഡലത്തില്‍ സ്വകാര്യഭൂമിയും വനഭൂമിയും തമ്മിലുള്ള എല്ലാ അതിര്‍ത്തികളും സോളാര്‍ ഫെന്‍സിംഗ് ഉപയോഗിച്ച് വേര്‍തിരിക്കുന്നതിന് ആറുകോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരുന്നത്.
എല്ലാ പഞ്ചായത്തുകളിലും വന്യജീവി ശല്യം
പുലി, ആന, കുരങ്ങ്, പന്നി,മലയണ്ണാന്, പന്നി, പാമ്പ് തുടങ്ങി എല്ലാവിധ വന്യജീവികളുടെയും ശല്യം കോന്നിയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും അനുഭവപ്പെടുന്നുണ്ട്. ചിറ്റാര്‍, മലയാലപ്പുഴ, കലഞ്ഞൂര്‍, അരുവാപ്പുലം പഞ്ചായത്തുകളിലാണ് പ്രധാനമായും കാട്ടാനയുടെ ശല്യം ഉള്ളത്. കൂടല്‍ രാക്ഷസന് പാറയില്‍നിന്നും മൂന്നു പുലികളെ കഴിഞ്ഞയിടെ വനം വകുപ്പ് പിടികൂടിയിരുന്നു.
പുലികള്‍ക്ക് വളരാനുള്ള ആവാസ വ്യവസ്ഥ വനത്തിനു പുറത്ത് സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഉള്ളതിനാലാണ് ജന വാസ മേഖലകളില്‍ പുലിയെ കാണുന്നതെന്ന് യോഗം നിരീക്ഷിച്ചു. ജനവാസ മേഖലകളില്‍ സ്വകാര്യഭൂമികളിലും റവന്യു ഭൂമിയിലും വന്യമൃഗങ്ങള്‍ക്ക് ആവാസ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്ന തരത്തിലുള്ള കാട് വളര്ന്നുനില്ക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
വിപുലമായ യോഗം വിളിക്കും
മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരുടെ ണ്ടാംഘട്ട യോഗം വിളിച്ചു ചേര്‍ക്കും.
അതിനുമുമ്പ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കി അവിടെ സ്വീകരിക്കേണ്ട സുരക്ഷ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിലവില്‍ പാടം, പൂമരുതിക്കുഴി, തട്ടാക്കുടി, കല്ലേലി മണ്ണിറ തുടങ്ങിയ ഭാഗങ്ങളില്‍ സൗരോര്‍ജ തൂക്കുവേലികളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള സൗരോര്‍ജ വേലികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കുന്നതിനും തീരുമാനമായി.
ചിറ്റാറില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് സോളാര്‍ വേലിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വന്യജീവി സംഘര്‍ഷങ്ങളില്‍നിന്ന് ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ച് പരിഹാരം കാണുന്നതിന് മാതൃക നടപടികള്‍ കോന്നിയില്‍ ആവിഷ്കരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് കൃഷ്ണന്, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്. കമലാഹര്‍, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, പുനലൂര്‍ ഡിഎഫഒ ജയശങ്കര്‍, തെന്മല ഡിഎഫ്ഒ ഷാനവാസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, മറ്റു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.