പോക്സോ കേസിൽ 32 വർഷം കഠിനതടവും 1.21 ലക്ഷം രൂപ പിഴയും
1507925
Friday, January 24, 2025 3:29 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അങ്ങാടിക്കൽ എണ്ണശേരി മുക്കിൽ ചുഴുകുന്നിൽ തെക്കേപ്പുറത്ത് രാഹുലിനെ (23) 32 വർഷം കഠിനതടവും 1, 21, 000 രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത് ഉത്തരവായി.
ജെസിബി ഡ്രൈവറായിരുന്ന രാഹുൽ അതിജീവതയെ പരിചയപ്പെട്ട് ഫോണിൽ വിളിച്ചു സന്ദേശങ്ങൾ അയച്ചു വിവാഹ വാഗ്ദാനം നൽകി 2019 നവംബറിൽ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.
കൊടുമൺ പോലീസ് ഇൻസ്പെക്ടർ ആയിരുന്നു ശ്രീകുമാർ പ്രാഥമികാന്വേഷണം നടത്തി രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി. അശോക് കുമാർ കുറ്റപത്രം സമർപ്പിച്ചു.
പ്രതി പിഴത്തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി. ജോൺ ഹാജരായി.