കോന്നി ചിറ്റൂർക്കടവ് പാലം നിർമാണം ടെൻഡർ ചെയ്തു
1507924
Friday, January 24, 2025 3:29 AM IST
കോന്നി : ചിറ്റൂർക്കടവിൽ പുതിയ പാലം നിർമിക്കുന്നതിന് 12 കോടി രൂപയുടെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. പാലം നിർമിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുവാൻ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഭൂമി ഏറ്റെടുക്കുന്നതിനായിട്ടുള്ള അതിർത്തി കല്ലുകൾ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
അച്ചൻകോവിലാറിനു കുറുകെയാണ് പുതിയ പാലം നിർമിക്കുന്നത്. മലയാലപ്പുഴ, തണ്ണിത്തോട്, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും. ചിറ്റൂർ മുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പൊതു മരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ ബജറ്റിൽ വകയിരുത്തിയതോടെ വളരെ വർഷങ്ങളായുള്ള കോന്നിയുടെ സ്വപ്നം യാഥാർഥ്യമാകുകയാണെന്നും എംഎൽഎ പറഞ്ഞു.
ചിറ്റൂർ ജംഗ്ഷനിൽനിന്നു ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളജിലേക്കും യാത്രാ സൗകര്യം ഒരുക്കുന്നതിന് പാലം യാഥാർഥ്യമാകുന്നതിലൂടെ സാധിക്കും. മൂവാറ്റുപുഴ -പുനലൂർ ദേശീയ പാതയെയും കോന്നി -വെട്ടൂർ -കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും ചിറ്റൂർകടവിലെ പുതിയ പാലം.