കല്ലൂപ്പാറ വിത്തുവേലിച്ചന്ത നാളെ; ഇന്ന് വിളംബര റാലി
1507923
Friday, January 24, 2025 3:29 AM IST
കല്ലൂപ്പാറ: കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിത്തുവേലിച്ചന്ത നാളെ. കറുത്ത വടശേരിക്കടവ് പാലത്തിനു സമീപം പച്ചത്തുരുത്തിൽ രാവിലെ 9.30 മുതലാണ് ചന്ത.
ഇതോടൊപ്പം കാർഷിക പ്രദർശനം, നാടൻ കന്നുകാലികളുടെ പ്രദർശനം എന്നിവയും ഉണ്ടാകും. പഞ്ചായത്തിലെ കുട്ടിക്കർഷക ദിയ വി. സത്യൻ, മുതിർന്ന കർഷകത്തൊഴിലാളി വി.എസ്. പാപ്പൻ എന്നിവർ ചേർന്ന് ചന്ത ഉദ്ഘാടനം ചെയ്യും.
കൃഷിപ്രോത്സാഹനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ചന്തയിൽ കിഴങ്ങു വിളകൾ ഉൾപ്പെടെയുള്ള നടീൽ വസ്തുക്കളാണ് പ്രധാനമായും എത്തുക. അന്യം നിന്നുകൊണ്ടിരിക്കുന്ന നിരവധി കിഴങ്ങ് വിളകളുടെ നടീൽ വസ്തുക്കൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നാണ് ശേഖരിച്ചത്.
കല്ലൂപ്പാറ പാളത്തൈര് ചന്തയിൽ മറ്റൊരു ആകർഷണീയമാകും. പാളയിൽ തയാറാക്കുന്ന
കട്ടത്തൈരിന് രുചിയും ഔഷധഗുണവുമേറെയാണ്. നാടൻ, സങ്കര ഇനങ്ങളിൽപ്പെട്ട പച്ചക്കറി വിത്തുകളും തൈകളും അപൂർവയിനം വൃക്ഷങ്ങളുടെ തൈകൾ എന്നിവ വിൽപനയ്ക്ക് ഉണ്ടാകും.
കൂൺ വിത്ത് കൂൺവിഭവങ്ങൾ, തേൻ ഉൽപന്നങ്ങൾ, ചക്കവിഭവങ്ങൾ, ചമ്മന്തി പൊടി,കറിപൊടികൾ, ജൈവരീതിയിൽ കൃഷി ചെയ്ത് തവിട് കളയാതെ കുത്തിയെടുത്ത അരി തുടങ്ങിയവയും ചന്തയിലെത്തും. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെയെത്തിച്ച് നേരിട്ട് വിൽപ്പന നടത്താനാകും. വിത്തുവേലിച്ചന്തയുടെ പ്രചരണാർഥം ഇന്നു രാവിലെ എട്ടിന് പഞ്ചായത്തിൽ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചിട്ടുണ്ട്.