ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഗോത്രവർഗ സമൂഹവിവാഹം
1547551
Saturday, May 3, 2025 6:44 AM IST
പാരിപ്പള്ളി: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ ആറാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 20 ഗോത്രവർഗ യുവതീ യുവാക്കളുടെ വിവാഹം നടത്തുന്നു. പത്തനംതിട്ട - കോട്ടയം ജില്ലകളിൽ, ശബരിമല വനാന്തരങ്ങളിൽ താമസിക്കുന്നവരാണു പ്രതിശ്രുത വധുവരന്മാർ. 26ന് രാവിലെ 11-ന് സ്നേഹാശ്രമം ഹാളിലാണ് ചടങ്ങുകൾ. വിവാഹ കർമങ്ങൾക്ക് മന്ത്രി ജെ.ചിഞ്ചുറാണിയും പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റ് സെക്രട്ടറി ഡോ.പുനലൂർ സോമരാജനും മുഖ്യകാർമികത്വം വഹിക്കും.
എൻ.കെ.പ്രേമചന്ദ്രൻ എം പി, ജി.എസ്.ജയലാൽ എം എൽ എ, അഡ്വ.വി.ജോയി എം എൽ എ, കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.ശ്രീകുമാർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, ഐ എസ് ആർ ഒ മിഷൻ ഡയറക്ടർ ഡോ. ജെ.ജയപ്രകാശ് എന്നിവർ വധുവരന്മാരെ അനുമോദിക്കും.
ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 95ാം റാങ്ക് കരസ്ഥമാക്കിയ ദേവിക പ്രിയദർശിനിക്ക് ഗാന്ധിഭവന്റെ സ്നേഹാദരം സമർപ്പിക്കും. വിവാഹനന്തരം, സ്നേഹാശ്രമം നൃത്തവിദ്യാലയത്തിലെ കുട്ടികൾ നൃത്ത പരിപാടികൾ അവതരിപ്പിക്കും.