കടൽ മണൽ ഖനനം: 15 ലക്ഷം മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
1515283
Tuesday, February 18, 2025 2:20 AM IST
കൊല്ലം: ആഴക്കടല്‍ മണല്‍ ഖനനം 15 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍.
കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കടൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വർക്കല മുതല്‍ അമ്പലപ്പുഴ വരെ വ്യാപിച്ചുകിടക്കുന്ന കൊല്ലം പരപ്പിന്റെ പ്രത്യേകത ഉത്പാദന ക്ഷമതയുള്ള മത്സ്യസമ്പത്തിന്റെ ധാരാളിത്തമാണ്. ഏറ്റവും കൂടുതൽ മത്സ്യ പ്രജനനം നടക്കുന്നത് ഇവിടെയാണ്.
ഏറ്റവും നല്ല മത്സ്യം കിട്ടുന്ന പ്രദേശവും കൊല്ലം പരപ്പാണ്. മണല്‍ ഖനനം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കും. മൈനിംഗ് കമ്പനികളുടെ താല്പര്യത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഇതിന്റെ പ്രത്യാഘാതത്തെപ്പറ്റി സംസ്ഥാന സർക്കാറിന്റെ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രകൃതിയെ മനസിലാക്കാതെ ചെയ്യുന്ന ചൂഷണം വലിയ അപകടം വരുത്തുമെന്നും ഇതിൽ രാഷ്ട്രീയത്തിന് പ്രാധാന്യമില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായ കടൽ മണൽ ഖനനം വഴി കൊല്ലം തീരത്ത് 242 ചതുരശ്ര കിലോമീറ്ററിൽ 302 .5 ദശലക്ഷം ടൺ മണൽ ഖനനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
മത്സ്യത്തൊഴിലാളികളും അനുബന്ധമേഖലയിലുള്ള ആളുകളും ആശങ്കയിലാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് വിദേശ ട്രോളറുകളുടെ മത്സ്യബന്ധനത്തിന് അനുമതി നൽകിയപ്പോഴും ശക്തമായ പ്രതിരോധമാണ് ഉയർത്തിയത്. ഒടുവിൽ അതിൽ നിന്ന് സർക്കാരിന് പിന്മാറേണ്ടി വന്നു. കർഷകർക്ക് എതിരെ മോദി സർക്കാർ കൊണ്ടുവന്ന നിയമവും ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നകാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തി.
കടലിന്റെ എല്ലാ ആവാസ വ്യവസ്ഥയെയും തകർക്കുന്ന രീതിയിൽ ഖനനവുമായി മുന്നോട്ട് പോയാൽ മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാക്കുകയെന്ന് ജെ. ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
ആശങ്കകൾ ദൂരീകരിക്കാൻ കേന്ദ്രസർക്കാറിന് കഴിഞ്ഞിട്ടില്ല. വിശദമായ പഠനം നടത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശാസ്ത്രീയ പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്താതെയാണ് ആഴക്കടൽ മണൽ ഖനനം നടത്താൻ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നതെന്ന് മുന്‍ എംപി ടി.എന്‍. പ്രതാപന് പറഞ്ഞു. 2022 ല്‍ അദാനി മൈനിംഗിനു വേണ്ടി ആന്ധ്രയിലും ഒറീസയിലും രണ്ട് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. അതിന് ശേഷമാണ് സ്വകാര്യ കമ്പനികൾക്കും ഖനനത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതെന്നും ടി.എന്‍. പ്രതാപന് ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മത്യാസ്, മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണന് എന്നിവർ സെമിനാറിൽ പങ്കെടുത്തു. പ്രസ് ക്ലബ് ട്രഷറര്‍ കണ്ണന് നായര്‍ മോഡറേറ്ററായിരുന്നു.