കോണ്‍ക്രീറ്റ് പ്രവൃത്തികളില്‍ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാര്‍ നിർമാണം തടഞ്ഞു
1515282
Tuesday, February 18, 2025 2:20 AM IST
അഞ്ചല്‍: കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തില്‍ എത്തി നില്ക്കുന്ന ആലഞ്ചേരി ചണ്ണപ്പേട്ട പാതയുടെ വശങ്ങള് കോണ്‍ക്രീറ്റ് ചെയ്യുന്നതില്‍ അശാസ്ത്രീയതയെന്ന് നാട്ടുകാര്‍. ഇതേതുടര്‍ന്നു കരുകോണ്‍ ജംഗ്ഷനില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ജെസിബി ഉള്‍പ്പടെയുള്ളവ തടഞ്ഞിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പാതയുടെ വശം കോണ്‍ക്രീറ്റ് ചെയ്യുന്നതും ഓടകള്‍ നിര്‍മിക്കുന്നതും പലയിടങ്ങളില്‍ പലരീതിയിലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രധാന ജംഗ്ഷനായ കരുകോണില്‍ പോലും തോന്നുംവിധമുള്ള നിര്‍മാണ പ്രവര്‍ത്തികളാണ് നടക്കുന്നത്. നവീകരണത്തോടെ ചിലയിടങ്ങളില്‍ പാതയുടെ വശം ഉയര്‍ന്ന നിലയിലാണ്. ഇത് ഒഴിവാക്കി അപാകടാവസ്ഥ മാറ്റിയെടുക്കുന്നതിന് യാതൊരുവിധ നടപടിയുമില്ല.
ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന കരുകോണ്‍ സ്കൂള്‍ മുതല്‍ ജംഗ്ഷന് വരെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യണം. ഇത് ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എയായ മന്ത്രി ജെ. ചിഞ്ചു റാണിക്ക് നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താൻ മന്ത്രി മാരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്.
എന്നാല്‍ ഇതൊന്നും അനുസരിക്കാതെ തോന്നുംവിധമുള്ള നിര്‍മാണ പ്രവര്‍ത്തികളാണ് നടക്കുന്നതെന്നും അതിനാലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ തടഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താന്‍ കഴിയൂവെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.