മികച്ച ക്ഷേമ വികസന പ്രവർത്തനങ്ങൾ : രണ്ടാം സ്ഥാനത്തിനുള്ള സ്വരാജ് ട്രോഫി ഉഴമലയ്ക്കൽപഞ്ചായത്തിന്
1515596
Wednesday, February 19, 2025 5:49 AM IST
നെടുമങ്ങാട്: സംസ്ഥാനത്തെ മികച്ച ക്ഷേമ വികസന പ്രവർത്തനങ്ങൾക്കുള്ള രണ്ടാം സ്ഥാനത്തിനുള്ള സ്വരാജ് ട്രോഫി നേടി ഉഴമലക്കൽ പഞ്ചായത്ത്.
രണ്ടു വർഷങ്ങളിൽ തുടർച്ചയായി ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാർഡ് നേടിയതും ഉഴമലയ്ക്കലാണ്. സംസ്ഥാനതലത്തിൽ ഉഴമലക്കലിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് വെറും രണ്ടു മാർക്കിന്റെ വ്യതാസത്തിലാണ്. 40 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ഈ മാസം 19ന് ഗുരുവായൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും.
തിരുവനന്തപുരം ജില്ലയിൽ നിന്ന് ആദ്യമായാണ് സംസ്ഥാനതലത്തിൽ ഒരു പഞ്ചായത്ത് അവാർഡ് സ്വരാജ് ട്രോഫി നേടുന്നത്. പഞ്ചായത്തിലെ ബഹുജന പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ആത്മാർഥമായ പ്രവർത്തനമാണ് ഹാട്രിക്ക് നേട്ടത്തിനു പിന്നിലെന്നു പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിതയും വൈസ് പ്രസിഡന്റ് എസ്. ശേഖരനും പറഞ്ഞു.
അവാർഡ് പ്രഖ്യാപന സമയത്ത് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും പഞ്ചായത്ത് ഓഫീസിൽ പടക്കം പൊട്ടിച്ചും മധുരം നൽകിയും ആഹ്ളാദ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത കേക്ക് മുറിച്ചു വിജയാ ഹ്ലാദം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എസ്.ശേഖരൻ, പഞ്ചായത്ത് സെക്രട്ടറി ടി. സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സനൽകുമാർ തുടങ്ങിയവരും പങ്കെടുത്തു.