പീപ്പിൾസ് ലൈബ്രറി കെട്ടിടം പൊളിച്ച് കൈയേറ്റശ്രമം: പരാതി നൽകി
1515599
Wednesday, February 19, 2025 5:49 AM IST
നെടുമങ്ങാട്: സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിൽ 1651- നമ്പറായി രജിസ്റ്റർ ചെയ്ത് 1952 മുതൽ പ്രവർത്തിക്കുന്ന "എ' ഗ്രേഡ് ഗ്രന്ഥശാലയായ മന്നൂർക്കോണം പീപ്പിൾസ് ലൈബ്രറി കെട്ടിടം പൊളിച്ച് കൈയേറ്റത്തിനു ശ്രമമെന്നു പരാതി.
കെട്ടിടത്തിന്റെ പിൻഭാഗത്തെ ജനാലകൾക്കു മുകളിലെ സൺഷെയ്ഡുകൾ പൂർണമായും സാമൂഹ്യവിരുദ്ധർ തകർത്തു. കഴിഞ്ഞ കുറേ നാളുകളായി ലൈബ്രറി കെട്ടിടത്തിന്റെ അവകാശവാദം ഉന്നയിച്ചുസ്വകാര്യവ്യക്തി മുന്നോട്ടു വന്നിരുന്നു.
കെട്ടിടത്തിലേക്ക് മലിന ജലം ഒഴുക്കി വിട്ടും, മണ്ണിടിച്ചു വീഴ്ത്തിയും മാലിന്യങ്ങൾ കൂട്ടിയിട്ടും കെട്ടിടം നശിപ്പിച്ച് സ്വകാര്യവ്യക്തി സ്വന്തം കെട്ടിടത്തിലേക്കുള്ള വഴി സുഗമമാക്കാനുള്ള ശ്രമം നടത്തിയതായും പരാതിയിൽ പറയുന്നു . ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും നിലവിൽ വിചാരണ നടന്നു വരികയുമാണ്.
നിലവിൽ ലൈബ്രറിക്കു പിന്നിലായി ചില നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മറവിലാണു കെട്ടിടത്തിനു നാശനഷ്ടം വരുത്തിയതെന്നും ഭാരവാഹികൾ സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലൈബ്രറി ഭാരവാഹികൾ വലിയമല പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.