കല്ലട ജലസേചന പദ്ധതിയുടെ ചാനൽപാലം ഒലിച്ചുപോയി
1515085
Monday, February 17, 2025 5:55 AM IST
തകർച്ചയ്ക്കു കാരണം നിർമാണത്തിലെ അപാകത
ചാത്തന്നൂർ: കല്ലട ജലസേചന പദ്ധതിയുടെ ചാത്തന്നൂർ ഏറം ഉപാസന ജംഗ്ഷനിലെ ചാനൽപാലം തകർന്നു. വെള്ളം കുത്തിയൊഴുകി. പരിസരപ്രദേശങ്ങളിലെ കൃഷി നശിച്ചു. വീടുകളിൽ വെള്ളം കയറിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല. കാർഷികവിഭവങ്ങൾ ഒലിച്ചു പോയി നഷ്ടം സംഭവിച്ചു.
വീടുകൾക്ക് വലിയ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ല. കല്ലട ജലസേചനപദ്ധതിയുടെ ഇടതുകര കനാലിന്റെ കൈവഴിയിലെ ചാനൽപാലമാണ് തകർന്നത്. കാലപ്പഴക്കവും നിർമാണ വൈകല്യവുമാണ് ചാനൽപാലം തകരാൻ കാരണമായതെന്ന് കരുതുന്നു.
ഇന്നലെ വൈകുന്നേരമാണ് വലിയ ശബ്ദത്തോടെ തകർന്നത്. വെള്ളം തുറന്ന് വിടുന്നതിന് മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ മാലിന്യം അടിഞ്ഞുകൂടി വെള്ളം ഒഴുകി പോകാനാകാതെ അടഞ്ഞു കിടക്കുകയായിരുന്നു. അതിനാൽ വൈകുന്നേരം മുതൽ വെള്ളം നിറഞ്ഞു കവിഞ്ഞു തുടങ്ങിയിരുന്നു. ഈ സമയത്ത് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചില്ല.
തുടർന്ന് അതിവേഗത്തിൽ വലിയ ശബ്ദത്തോടെ കനാൽ ഭിത്തി തകർന്ന് വെള്ളം തൊട്ടടുത്ത വീടുകളിലേക്കും കൃഷി ഭൂമികളിലേക്കും വെള്ളം ഇരമ്പിയെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ കെഐപി അധികൃതരുമായി ബന്ധപ്പെട്ട് കനാൽ അടയ്ക്കുകയായിരുന്നു.
മിയ്യണ്ണൂർ ശാസ്താം പൊയ്കയിലാണ് പോളച്ചിറ ഏലായിലേയ്ക്കുള്ള കനാലിന്റെ ഷട്ടർ. ഷട്ടർ അടച്ചാലും മണിക്കൂറുകൾ കഴിഞ്ഞ് മാത്രമേ വെള്ളമൊഴുക്ക് കുറയുകയും നിലയ്ക്കുകയും ചെയ്യുകയുള്ളൂ.
വേനൽക്കാലം രൂക്ഷമാകുമ്പോൾ കനാൽ തുറന്നു വിടുന്നത് കൊണ്ടാണ് ചാത്തന്നൂർ ചിറക്കര, ആദിച്ചനല്ലൂർ പഞ്ചായത്തുകളിലെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുന്നത്.
ഈ കനാലിന്റെ ഷട്ടർ അടച്ചു കഴിഞ്ഞാൽ ജലക്ഷാമം രൂക്ഷമാവുകയും കിണറുകൾ വറ്റി വരളുകയും ചെയ്യും.
യുദ്ധകാലാടിസ്ഥാനത്തിൽ തകർന്ന ചാനൽപാലം പുനർനിർമിക്കുകയും വെള്ളം തുറന്നു വിടുകയും ചെയ്തില്ലെങ്കിൽ ചാത്തന്നൂർ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങൾ കുടിവെള്ളം കിട്ടാതെ ദുരിതത്തിലാകും.
വർഷങ്ങൾക്ക് മുമ്പ് ചിറക്കരയിൽ കനാലിന്റെ ഭിത്തി തകർന്ന് വെള്ളം കുതിച്ചെത്തി വീടുകൾക്ക് കേടുപാടുണ്ടായിരുന്നു.