നിയമ വിദ്യാര്‍ഥിയെ മര്‍ദിച്ചയാൾ പിടിയിൽ
1515084
Monday, February 17, 2025 5:55 AM IST
പാറശാല: നിയമ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേർന്നു മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട കരകുളം അയണിക്കാട് കനാല്‍ വീട്ടില്‍ വിജിന് വിജയ് ആണ് അറസ്റ്റിലാ യത്. ആക്രമണത്തിനിടെ നിസാര പരിക്കേറ്റ ഇയാള്‍ തമിഴ്നാട് ആശാരിപള്ളം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാറശാല ചെറുവാരക്കോണം സിഎസ്ഐ ലോ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ നെടുമങ്ങാട് തെക്കതുവിള രേവതിയില്‍ അഭിരാമിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. ചെറുവാരക്കോണത്ത് അഭിരാം പേയിംഗ് ഗസ്റ്റായി താമസിക്കുന്നയിടത്തെ മുറിയില്‍ അതിക്രമിച്ചു കടന്ന ഇതേ കോളജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥികളായ നാലംഗ സംഘമാണ് മർദനം നടത്തിയത്.
അഭിരാമിന്റെ നിലവിളികേട്ട് സമീപവാസി എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെടുകയായിരുന്നു. തടികഷ്ണവും ഇടിവളയും കൊണ്ടുള്ള ആക്രമണത്തില്‍ അഭിരാമിനു തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു.
കോളജിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥികളായ ശ്രീജിത്, അഖില്‍, വിജിന്, ബെനോ എന്നിവരാണ് മര്‍ദിച്ചതെന്നു പരാതിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഇതേസംഘം മറ്റൊരു വിദ്യാര്‍ഥിയെയും മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ സ്റ്റേഷനിൽ പരാതി നല്കുവാനായി അഭിരാമും ഒപ്പം പോയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജി, സബ് ഇന്‍സ്പക്ടര്‍ ദീബു അടങ്ങുന്ന സംഘമാണ് അക്രമിയെ പിടികൂടിയത്.