ബഡ്സ് ഒളിമ്പിയ 2025: കായിക പ്രതിഭകൾക്ക് അരങ്ങൊരുക്കി
1515080
Monday, February 17, 2025 5:55 AM IST
കൊല്ലം: പരിമിതികളെ മറന്ന് ആസ്വദിച്ചും ആവേശത്താൽ മത്സരിച്ചും ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾ. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ബഡ്സ് ഒളിമ്പിയ 2025 ഇന്നലെ പള്ളിമണ്ണിലെ സിദ്ധാർഥ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച വേളയിലാണ് ബഡ്സ് കുട്ടികൾ കായിക മത്സരങ്ങളിൽ പങ്കെടുത്ത് പ്രതിഭ തെളിയിച്ചത്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരുടെ കായിക വിരുന്നിന് അരങ്ങ് ഒരുക്കാനുമാണ് ബഡ്സ് ഒളിമ്പ്യ സംഘടിപ്പിക്കുന്നത്.
സബ് ജൂണി യർ, ജൂണിയർ, സീനിയർ, വിഭാഗങ്ങളിലായി ഓട്ടമത്സരം, നടത്ത മത്സരം, റിലേ, ലോംഗ് ജംപ്, ബോൾ ത്രോ, സോഫ്റ്റ് ബോൾ ത്രോ, ബാസ്കറ്റ് ബോൾ ത്രോ, മാർച്ച് പാസ്റ്റ്, ഷോട്ട് പുട്ട്, സ്റ്റാൻഡിംഗ് ബ്രോഡ് ജന്പ്, വീൽചെയർ റേസ് എന്നിങ്ങനെ 32 ഇനങ്ങളിൽ 22 ബഡ്സ് സ്ഥാപനങ്ങളിലെ 175 കുട്ടികൾ പങ്കെടുത്തു.
രണ്ട് ഗ്രൗണ്ടുകളിലായി മത്സരങ്ങൾ നടത്തി. നെടുമ്പന പഞ്ചായത്ത് അധ്യക്ഷ ഗിരിജകുമാരി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉണ്ണികൃഷ്ണൻ, നെടുമ്പന സിഡിഎസ് അധ്യക്ഷ ശോഭിത, ജയമോൾ, ഉഷാകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽചന്ദ്രൻ, എഡിഎം സി. അനീസ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോഓർഡിനേറ്റർമാർ മറ്റ് ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.
ജേതാക്കൾ 27, 28 തീയതികളിൽ കലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന സംസ്ഥാന മേളയിൽ മാറ്റുരയ്ക്കും.