പാലരുവിയില്‍ തേനീച്ച ആക്രമണം : വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
1515079
Monday, February 17, 2025 5:55 AM IST
ആര്യങ്കാവ് : ആര്യങ്കാവിലെ വിനോദ സഞ്ചാര കേന്ദ്രമായ പാലരുവിയില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ തേനീച്ച ആക്രമണത്തില്‍ വിനോദ സഞ്ചാരികളും പാലരുവി ജീവനക്കാരും ഉള്‍പ്പടെ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ കാന്റീനിന് സമീപം പാര്‍ക്കിംഗ് കേന്ദ്രത്തിലായിരുന്നു തേനിച്ചകള്‍ കൂട്ടമായി എത്തി ആക്രമണം നടത്തിയത്. പ്രദേശത്ത് ഉണ്ടായിരുന്ന വലിയ തേനീച്ച കൂടില്‍ പരുന്ത് കൊത്തിയതിനെ തുടര്‍ന്നാണ് തേനീച്ചകള്‍ ഇളകിയത്.
ഈസമയം അവിടെയുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്കാണ് ആദ്യം കുത്തേറ്റത്.
ഇവരെ രക്ഷപ്പെടുത്താനായി എത്തിയ ജീവനക്കാര്‍ക്കും കുത്തേറ്റു. പിന്നീട് വനപാലകരും തെന്മല ആര്‍ആര്‍ടിയും എത്തി. ഇവരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് വേഗത്തില്‍ എല്ലാവരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവധി ദിനമായതിനാല്‍ വലിയ തിരക്കായിരുന്നു പാലരുവിയില്‍. അതേസമയം ആര്യങ്കാവിലും തെന്മലയിലുംപ്രവർത്തി ക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ അടഞ്ഞു കിടന്നതിനാല്‍ ആര്യങ്കാവിലെ സ്വകാര്യാശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
വിനോദ സഞ്ചാര മേഖലകളായ ആര്യങ്കാവിലും തെന്മലയിലും ഞായറാഴ്ച ദിവസം സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കാത്തത് വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.