ലോറിക്കുള്ളില്‍ യുവാവിന്റെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
1497005
Tuesday, January 21, 2025 1:03 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം ബായാറിലെ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുഹമ്മദ് ആസിഫിന്റെ മൃതദേഹം കാണപ്പെട്ട സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരില്‍ നിന്നു പ്രാഥമിക മൊഴിയുമെടുത്തു. രണ്ടു ദിവസം മുമ്പാണ് മുഹമ്മദ് ആസിഫിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ഇടുപ്പെല്ല് തകര്‍ന്നതാണ് മരണ കാരണമായ തെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇതെങ്ങിനെയാണ് സംഭവിച്ചതെന്നു വ്യക്തമല്ല. വീണാലോ മറ്റാരെങ്കിലും തള്ളിയിട്ടാലോ ഇങ്ങിനെ സംഭവിക്കാമെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്ജന് മൊഴിനല്‍കിയത്. വാഹനം കയറി ഇറങ്ങിയാലും ഇത്തരത്തിലുള്ള മരണം സംഭവിക്കാമെന്നും പോലീസ് സര്ജന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.