ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി വീണ്ടും കരാറിലൊതുങ്ങുന്നു
1496998
Tuesday, January 21, 2025 1:03 AM IST
ബേക്കൽ: ബേക്കൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കാൽനൂറ്റാണ്ട് മുമ്പ് ഏറ്റെടുത്ത് കാടുകയറി കിടക്കുന്ന അജാനൂർ പഞ്ചായത്തിലെ 33 ഏക്കർ ഭൂമിയിൽ ടൂറിസം വില്ലേജ് സ്ഥാപിക്കാനുള്ള നീക്കം വീണ്ടും കരാറിലൊതുങ്ങുന്നു.
അജാനൂർ പഞ്ചായത്ത് ഭരണസമിതിയുടെ മുൻകൈയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ വ്യവസായ ഗ്രൂപ്പുമായി കരാറിലെത്തിയെങ്കിലും തുടർപ്രവർത്തനങ്ങളൊന്നും നടന്നില്ല. രണ്ടുവർഷത്തെ പാട്ടത്തുകയായി 1.04 കോടി രൂപ അടച്ചിട്ടും സ്വകാര്യ ഗ്രൂപ്പ് പദ്ധതിയുമായി മുന്നോട്ടുപോകാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
വയനാട് ജില്ലയിൽ നടപ്പാക്കിയ എൻ ഊര് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയുടെ മാതൃകയിലാണ് ടൂറിസം വില്ലേജ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. മണ്ണും മുളയും മറ്റും ഉപയോഗിച്ചുള്ള കോട്ടേജുകൾ, തെങ്ങിൻതോപ്പുകൾ, പുഴയിൽ നിന്ന് മീൻപിടിച്ച് തത്സമയം പാകംചെയ്ത് നൽകുന്ന ഭക്ഷണശാലകൾ, കുട്ടികളുടെ പാർക്ക്, ബോട്ട് യാത്ര, കയാക്കിംഗ് എന്നിവയ്ക്കൊപ്പം നാടൻ ഉത്പന്നങ്ങളുടെ സ്ഥിരം പ്രദർശന വിപണനമേളയും ഒരുക്കാൻ ലക്ഷ്യമിട്ടിരുന്നു. കുറഞ്ഞ ചെലവിൽ നാടിന്റെ പ്രാദേശിക തനിമകളെ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താനും വിപണനസാധ്യതകൾ പ്രയോജനപ്പെടുത്താനും ഇത് സഹായകമാകുമെന്നായിരുന്നു വിലയിരുത്തൽ.
പദ്ധതി നടത്തിപ്പിനായി ടെൻഡർ വിളിച്ചപ്പോൾ കാഞ്ഞങ്ങാട്ടെ ഒറിക്സ് ഗ്രൂപ്പാണ് കരാർ ഏറ്റെടുത്തത്. ആകെ 33 ഏക്കർ സ്ഥലത്തിന് പ്രതിവർഷം 52 ലക്ഷം രൂപയാണ് പാട്ടത്തുക നിശ്ചയിച്ചത്.
1996 ലാണ് ബേക്കൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചിത്താരി വില്ലേജിന്റെ തീരദേശമേഖലയിൽ ഉൾപ്പെട്ട ഇത്രയും സ്ഥലം സർക്കാർ ഏറ്റെടുത്ത് ബിആർഡിസിക്ക് കൈമാറിയത്. തുടക്കത്തിൽ ഈ സ്ഥലത്തും റിസോർട്ട് നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
അതിനായി തൃശൂർ ആസ്ഥാനമായ വ്യവസായ ഗ്രൂപ്പുമായി കരാറിലെത്തുകയും ചെയ്തു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അവർ ഇവിടെ റിസോർട്ട് നിർമാണം തുടങ്ങാതിരുന്നതോടെ സ്ഥലം ബിആർഡിസി തിരിച്ചെടുക്കുകയായിരുന്നു. ഇതേ ഗതിയാവുമോ ഇനി ടൂറിസം വില്ലേജ് പദ്ധതിക്കും ഉണ്ടാവുകയെന്നാണ് നാട്ടുകാരുടെ സംശയം.
റിസോർട്ട് പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ ഈ സ്ഥലം കാലങ്ങളോളമായി കാടുപിടിച്ചു കിടക്കുകയായിരുന്നു. സർക്കാർ ഏറ്റെടക്കുന്നതിനു മുമ്പ് തെങ്ങിൻതോപ്പുകളായിരുന്ന ഭാഗങ്ങൾ പോലും തരിശായി. കാലക്രമത്തിൽ ഇവിടം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളവുമായി.
തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകൾ ഇവിടെ സ്ഥിരം നിർമാണങ്ങൾക്ക് തടസമായതോടെ വർഷങ്ങളോളം പുതിയ പദ്ധതികളൊന്നും വന്നില്ല. ഈ സ്തംഭനാവസ്ഥയ്ക്ക് പരിഹാരമായാണ് ഒടുവിൽ ടൂറിസം വില്ലേജ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ഈ പദ്ധതിയും കടലാസിലൊതുങ്ങുകയാണോ എന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആശങ്ക.