മാഹി തിരുനാളിന് ഭക്തജന പ്രവാഹം; വിശ്വാസികൾ ശയനപ്രദക്ഷിണം നടത്തി
1461634
Wednesday, October 16, 2024 7:49 AM IST
മാഹി: സെന്റ് തെരേസ ബസിലിക്കയിൽ പ്രധാന ദിനമായ ഇന്നലെ പൂർണ ദണ്ഡവിമോചന ദിനമായി ആചരിച്ചു. കുമ്പസാരത്തിലൂടെ മോചിക്കപ്പെട്ട പാപങ്ങളുടെ കാലികമായ ശിക്ഷയിൽ നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡ വിമോചനം. ഇന്നലെ പുലർച്ചെ രണ്ടുമുതൽ രാവിലെ ഏഴുവരെ ശയനപ്രദക്ഷിണം നടന്നു.സ്ത്രീകളടക്കം അനേകായിരം വിശ്വാസികൾ ശയനപ്രദക്ഷിണത്തിൽ പങ്കെടുത്തു.
രാവിലെ 10ന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ കോഴിക്കോട് രൂപത ബിഷപ് റവ. ഡോ. വർഗീസ് ചക്കാലക്കലിനെയും കണ്ണൂർ രൂപത നിയുക്ത സഹായമെത്രാൻ മോൺ. ഡെന്നിസ് കുറുപ്പശേരിയേയും കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. പാരിഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങൾ, കൊമ്പിരി അംഗങ്ങൾ, ഇടവക ജനസമൂഹം എന്നിവർ സ്വീകരണത്തിനു നേതൃത്വം വഹിച്ചു.
റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. കണ്ണൂർ രൂപത നിയുക്ത സഹായ മെത്രാൻ മോൺ. ഡെന്നിസ് കുറുപ്പശേരി, കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ, ഫൊറോന വികാരി ഡോ. ജെറോം ചിങ്ങന്തറ, ഫാ. ജോസ് പുളിക്കത്തറ, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. മാത്യു എന്നിവർ സഹകാർമികരായി. തുടർന്ന് നൊവേന, വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആരാധന, ആശിർവാദം എന്നിവയുമുണ്ടായിരുന്നു.
വൈകുന്നേരം സ്നേഹസംഗമം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് വിശിഷ്ടാതിഥിയായിരുന്നു. മോൺ. ജെൻസൻ പുത്തൻവീട്ടിൽ, കൺവീനർ ഷിബു കല്ലാമല, മാഹി സൂപ്രണ്ട് ഓഫ് പോലീസ് ജി. ശരവണൻ, എം.കെ. സെയ്തു, തോട്ടത്തിൽ ശശിധരൻ, സിസ്റ്റർ വിജയ, സിസ്റ്റർ മേരി മഗ്ഡെലെൻ, പ്രഫ. ഡോ. ആന്റണി ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരൻ എം. മുകുന്ദൻ അനുഗ്രഹ പ്രഭാഷണം നടത്തി. സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും മാഹി അഡ്മിനിസ്ട്രേറ്റീവിലെ വകുപ്പ് മേധാവികളും വിശിഷ്ടാതിഥികളും പങ്കെടുത്തു. ഇന്നു വൈകുന്നേരം ആറിന് ഫാ. ഡിലൂ റാഫേലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി.