പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു
1592349
Wednesday, September 17, 2025 7:29 AM IST
കണ്ണൂർ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റേയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റേയും സഹകരണത്തോടെ കണ്ണൂർ ആർഐ സെന്റർ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഉത്തര മേഖലാ ജോയിന്റ് ഡയറക്ടർ ആർ. സുധാശങ്കർ ഉദ്ഘാടനം ചെയ്തു.
വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല, സഹകരണ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്ത മുന്നൂറിലധികം അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് ട്രെയിനികളെ തെരഞ്ഞെടുത്തു. മേളയിൽ പങ്കെടുക്കാൻ കഴിയാത്ത ഐടിഐ ട്രേഡ് പാസായ ട്രെയിനികൾ കണ്ണൂർ ആർഐ സെന്ററിൽ നേരിട്ട് രജിസ്റ്റർ ചെയ്താൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കും. അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് മികച്ച രീതിയിൽ നടപ്പിലാക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളായി തെരഞ്ഞെടുത്ത തലശേരി എൻജിനിയറിംഗ് കോളജ്, തലശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, കണ്ണൂർ ആപ്കോ വെഹിക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കുള്ള ഉപഹാര വിതരണവും നടത്തി.
ട്രെയിനികൾക്കുള്ള കോൺട്രാക്ട് വിതരണം കണ്ണൂർ ഐടിഐ പ്രിൻസിപ്പൽ എം.എ .ബാലകൃഷ്ണൻ നിർവഹിച്ചു. തോട്ടട ഗവ. വനിതാ ഐടിഐയിൽ നടന്ന പരിപാടിയിൽ വ്യാവസായിക പരിശീലന വകുപ്പ് കോഴിക്കോട് മേഖലാ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് വി.കെ. അനൂപ് അധ്യക്ഷത വഹിച്ചു.