വീട്ടിൽനിന്ന് 24 പവനും 15,000 രൂപയും കവർന്നു
1592765
Friday, September 19, 2025 12:44 AM IST
തലശേരി: ധർമടം സത്രത്തിനടുത്ത വീട്ടിൽ വൻ കവർച്ച. 24 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു. സത്രം സ്റ്റോപ്പിനടുത്തെ പി.വി. രത്നാകരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഏഴ് സ്വർണവള, രണ്ട് ചെയിൻ, രണ്ട് കമ്മൽ, അഞ്ച് മോതിരം എന്നിവ മോഷണം പോയതായാണ് പരാതി. താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് മോഷ്ടിച്ചത്.
തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കുമിടയിലാണ് കവർച്ച നടന്നതെന്ന് പരാതിയിൽ പറയുന്നു. തലായ് ഹാർബറിൽ മത്സ്യ സ്റ്റാൾ ഉടമയാണ് രത്നാകരൻ. ഇദ്ദേഹവും ഭാര്യയുമാണ് വീട്ടിൽ താമസം. മറ്റൊരു മകൻ പ്രവാസിയാണ്. മകന്റെ തിരിച്ചുപോക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി മുൻ വാതിൽ ചാരിയടച്ച് വീട്ടുകാർ ഏതാനും സമയം സമീപത്തെ റോഡിലെത്തിയിരുന്നു. ഈ സമയമാകാം മോഷ്ടാവ് അകത്ത് കയറിയതെന്ന് കരുതുന്നതായി രത്നാകരൻ പറഞ്ഞു.
വീട്ടുകാർ മുകളിൽ ഉറങ്ങുന്നതിനിടയിൽ മോഷ്ടാവ് വാതിൽ തുറന്ന് രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ഏതാണ്ട് 19 ലക്ഷത്തിന്റെ മുതലുകളാണ് കവർന്നത്. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുക്കാനെത്തി. ധർമടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.