രയറോം-പരപ്പ -കാർത്തികപുരം റോഡ് തകർന്നു
1592530
Thursday, September 18, 2025 1:51 AM IST
ആലക്കോട്: മലയോരത്തെ പ്രധാന പിഡബ്ല്യുഡി റോഡായ രയറോം - പരപ്പ കാർത്തികപുരം റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായി. 2016ലാണ് ഏറ്റവും ഒടുവിലായി ടാറിംഗ് നടത്തിയത്. റോഡരികിൽ എല്ലായിടത്തും ഓവുചാലുകൾ ഇല്ലാത്തത് കാരണം മഴക്കാലത്ത് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഓവുചാലുകൾ ഉള്ളതാകത്തെ തകർന്ന നിലയിലുമാണ്.
നിർമാണത്തിലെ അപകാത മൂലം ഓവുചാലുകളുടെ കോൺക്രീറ്റ് കെട്ട് ഉൾപ്പടെ പലയിടത്തും തകർന്നു വീഴുകയും ചെയ്തു. ദീർഘദൂര ബസുകൾ അടക്കം സർവീസ് നടത്തിയിരുന്ന റോഡ് തകർന്നതോടെ ബസുകൾ സർവീസ് നിർത്തിയിരിക്കുകയാണ്.
മലയോര ഹൈവേയെ തളിപ്പറമ്പ്- കൂർഗ് ടിസിബി റോഡുമായും കാർത്തികപുരം-താളിപ്പാറ-ജോസ്ഗിരി മെക്കാഡം റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണ് തകർന്നു കിടക്കുന്നത്.
7.8 കിലോമീറ്റർ ദൂരം വരുന്ന റോഡ് ഈ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നതാണ്. തകർന്നു കിടക്കുന്ന റോഡ് മെക്കാഡം ടാറിംഗ് നടത്തി എത്രയും പെട്ടെന്ന നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.