പ്രായം മറന്ന് അവർ ആഹ്ളാദത്തീവണ്ടിയേറി
1592375
Wednesday, September 17, 2025 7:42 AM IST
കണ്ണൂർ: പതിവു തിരക്കുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആകാംക്ഷ യോടെ ഒരുകൂട്ടം ആളുകൾ വണ്ടി കാത്തുനിൽക്കുന്നു. അതൊരു സാധാരണ യാത്രയുടെ തുടക്ക മായിരുന്നില്ല. ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം ഒറ്റ മുറിയിലേക്കും മനസിലേക്കും മാത്രമായി ഒതുങ്ങുന്ന പതിവ് തെറ്റിച്ച യാത്ര.
കണ്ണൂർ അഴീക്കോട് സർക്കാർ വയോജന കേന്ദ്രത്തിലെ മുപ്പതോളം വരുന്ന അമ്മമാരും അച്ഛന്മാരും നഷ്ടപ്പെട്ടുപോയെന്നു കരുതിയ അവരുടെ നല്ല നിമിഷങ്ങളിലേക്ക് സന്തോഷത്തീവണ്ടി കയറുകയായിരുന്നു. അച്ഛനമ്മമാർക്ക് വന്ദേ ഭാരത് ട്രെയിനിൽ കയറണമെന്ന് ആഗ്രഹം. പിന്നെ താമസിച്ചില്ല. ബേക്കൽ കോട്ടയിലേക്കായിരുന്നു ആ സ്പെഷൽ യാത്ര. ചിലർക്ക് അത് ആദ്യത്തെ ട്രെയിൻ യാത്രയായിരുന്നുവെങ്കിൽ ചിലർക്ക് ഒറ്റപ്പെടലും അവഗണനയും വേദനകളും താണ്ടി മുന്നേറുന്ന അനുഭവമായിരുന്നു.
സംസ്ഥാന സാമൂഹികനീതി വകുപ്പിന് കീഴിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന വയോജന കേന്ദ്രം നിരാലംബരും വാർധക്യത്തിന്റെ അവശതകൾ പേറുന്നവരുമായ വയോജനങ്ങളെ പരിപാലിക്കുന്നതിന്റെ പുതിയൊരു മാതൃക തീർക്കുകയാണ്. വർഷത്തിൽ ഒരു യാത്ര എന്ന രീതിയിൽ 2022 മുതൽ തന്നെ ഇത്തരത്തിൽ യാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഇപ്പോൾ രണ്ടുമാസത്തിൽ ഒരു യാത്ര എന്ന നിലയിൽ ഈ അച്ഛനമ്മമാർ പുറംലോകത്തിന്റെ കാഴ്ചകളിലേക്ക് ചേക്കേറുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും ചേർന്ന മാനേജ്മെന്റിന്റെ മാർഗനിർദേശത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പറശിനി മുത്തപ്പൻ ക്ഷേത്രം, പെരളശേരി സുബ്രമണ്യ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ, പെറ്റ്സ് പാർക്ക് എന്നിവ സന്ദർശിക്കാനും സർക്കസ് ഷോകൾ, ഗാനമേളകൾ, നിരവധി കലാകായിക പരിപാടികൾ എന്നിവ ആസ്വദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. സബ് കളക്ടറുടെ ആർദ്രദീപം പദ്ധതി പ്രകാരം തലശേരിയിൽ സിനിമ കാണാനും അവസരമുണ്ടായി.
യാത്ര ചെയ്തു മടങ്ങുക എന്നതിനപ്പുറം അവർ അനുഭവങ്ങൾ ഹൃദയത്തിൽ കുറിച്ചുവച്ചു. ഒടുവിലത് "ഓർമകൾ തുടരുന്നു' എന്ന പേരിൽ പുസ്തകവുമായി. വയോജനങ്ങളുടെ ചെറിയ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനോടൊപ്പം അവരുടെ കായികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് നിരവധിയായ പ്രവർത്തനങ്ങൾ വയോജന കേന്ദ്രത്തിൽ നടപ്പിലാക്കുന്നു. ആരോഗ്യവും ഉന്മേഷവും ഉറപ്പാക്കുവാൻ എല്ലാ ദിവസവും യോഗ പരിശീലനം സംഘടിപ്പിക്കുന്നു.
മെഡിക്കൽ ട്രീറ്റ്മെന്റ്, ഫോളോ അപ്പ് എന്നിവ കൃത്യമായി നടപ്പാക്കുന്നു. 24 മണിക്കൂറും പ്രവർത്തി ക്കുന്ന നഴ്സിംഗ് മുറിയും ജെപിഎച്ച്എൻ തസ്തികയിൽ ഒരു നഴ്സും പ്രവർത്തിക്കുന്നുണ്ട്. സ്വയംതൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്ക് അതിനുള്ള പരിശീലനവും നല്കുന്നുണ്ട്.
ഇവർക്ക് ആവശ്യമായ സോപ്പുപൊടികൾ അവർ തന്നെ നിർമിക്കുന്നു. പഴയകാല ഓർമകൾ ഒന്നിച്ച് പങ്കുവയ്ക്കുന്നു. ചെസ്, കാരംസ് തുടങ്ങിയ കളികളിൽ ഏർപ്പെടുന്നു. ലൈബ്രറിയും വായനാമുറിയും സജീവമാണ്. അവശരായവർക്ക് മുകളിലത്തെ നിലയിൽ കയറാൻ കൈവരികളും സജ്ജമാക്കിയിട്ടുണ്ട്.
നിരവധിയായ കാരണങ്ങളാൽ നിറം മങ്ങിപ്പോയ ജീവിതത്തിലേക്ക് സന്തോഷം തിരിച്ചെത്തിക്കുവാനുള്ള സഞ്ചാരത്തിലാണ് ഇവർ. ആഗ്രഹങ്ങൾക്ക് പ്രായവും പ്രയാസവും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നില്ല എന്ന പ്രഖ്യാപനമാണ് ഇവർ നടത്തുന്നത്.