ആറളം തോട്ടുകടവ് പാലം: അപ്രോച്ച് റോഡിനായി കാത്തിരിപ്പ് നീളുന്നു
1592368
Wednesday, September 17, 2025 7:42 AM IST
ഇരിട്ടി: ആറളം തോട്ടുകടവ് പാലത്തിന്റെ ഇരുകരകളിലേയും സംരക്ഷണ ഭിത്തിയുടെ നിർമാണവും അപ്രോച്ച് റോഡ് നിർമാണവും നീളുന്നു. പാലത്തിന്റെ ഉപരിതല വാർപ്പ് പൂർത്തിയാക്കിട്ട് നാലുമാസം കഴിഞ്ഞെങ്കിലും നിലവിൽ ചുരുങ്ങിയ തൊഴിലാളികൾ മാത്രമാണ് അനുബന്ധ പ്രവൃത്തികൾ ചെയ്യുന്നത്. ഇതേ രീതി തുടർന്നാൽ പാലവും റോഡും എന്ന് തുറന്ന് കിട്ടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.25 കോടി ചെലവിട്ട് നിർമിക്കുന്ന തോട്ടുകടവ് പാലത്തിന്റെ നിർമാണം 10 മാസംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു ആദ്യം നൽകിയ ഉറപ്പ്. നിലവിലുള്ള പാലം പൊളിച്ചു നീക്കി പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയതോടെ ബദൽ സംവിധാനം ഇല്ലാതെ തോട്ടുകടവ്, പൂതക്കുണ്ട്, ഏച്ചില്ലം, പായം, കോണ്ടമ്പ്ര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ഒന്നര വർഷമായി യാത്രാദുരിതത്തിലാണ്.
ലോക്സഭാ തിെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്പ് നിർമാണ ഉദ്ഘാടനം ചെയ്യുകയും മഴയെത്താൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിലവിലെ പഴയ പാലം പൊളിച്ചു നീക്കുകയും ചെയ്തു. ബദൽ സംവിധാനങ്ങൾ ഉണ്ടാക്കാതെയാണ് പഴയ പാലം പൊളിച്ചു നീക്കിയത്. ഇതോടെ വാഹന ഗതാഗതം തോട്ടുകടവ് കൂട്ടക്കളം വഴി തിരിച്ചു വിട്ടു.
പൂതക്കുണ്ട്, ആറളം ഭാഗങ്ങളിലുള്ളവർക്ക് മൂന്ന് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വന്നെങ്കിലും പുതിയ പാലമെന്ന പ്രതീക്ഷയിൽ അല്പകാലത്തേക്ക് ദുരിതം സഹിക്കാൻ നാട്ടുകാരും തയാറായി. തെരഞ്ഞെടുപ്പു കാലത്തെ നിർമാണം പിന്നീട് മന്ദഗതിയിലായി. മൂന്ന് മാസം കൊണ്ട് പാലത്തിന്റെ തൂണുകളുടെ രണ്ട് പൈലിംഗ് മാത്രമാണ് പൂർത്തിയായത്. പിന്നീട് കുറെക്കാലം നിർമാണം പൂർണമായും സ്തംഭിച്ചു.
നിത്യവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലെ പാലം പൊളിച്ചു മാറ്റുമ്പോൾ ഉണ്ടാകാനിടയുളള പ്രയാസം പോലും അധികൃതർ കണക്കിലെടുക്കുന്നില്ല. താത്ക്കാലിക നടപ്പാലം അപകടഭീഷണിയിലാണ്.
ആറളം ഹയർസെക്കൻഡറി സ്കൂളിലേക്കും ആറളം, പൂതക്കുണ്ട് മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ഇരിട്ടിയിലേക്കും പായം, കോണ്ടമ്പ്ര തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് മലയോര ഹൈവേ വഴി എളുപ്പത്തിൽ മറ്റ് പ്രദേശങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയുന്ന റൂട്ടാണ് ദുരിതത്തിലായത്. നാട്ടുകാർ കുറച്ച് കാലത്തേക്കായി നിർമിച്ച താല്ക്കാലിക പാലം ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. പാലത്തിന്റെ സൈഡ് ഭിത്തിയുടെ നിർമാണം പൂർത്തിയാക്കി മണ്ണ് നിറച്ച് കാൽ നടയാത്രയ്ക്കുള്ള സൗകര്യമെങ്കിലും ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.