സണ്ണി ജോസഫിനെതിരെ വിമർശനം ഉയർന്നിരുന്നുവെന്ന് മാർട്ടിൻ ജോർജ്
1592513
Thursday, September 18, 2025 1:51 AM IST
കണ്ണൂർ: കെപിസിസി യോഗത്തിൽ പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ വിമർശനം ഉയർന്നിരുന്നു എന്നത് ശരിയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ലഹരിക്കെതിരെ രമേശ് ചെന്നിത്തല നടത്തുന്ന സമൂഹ നടത്തത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിനിടെയുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. താൻ പങ്കെടുത്ത യോഗത്തിലാണ് കൊടിക്കുന്നിൽ സുരേഷ് സണ്ണി ജോസഫിനെയും മുൻ പ്രസിഡന്റ് കെ. സുധാകരനെയും വിമർശിച്ചു എന്ന കാര്യം സത്യമാണ്.
പിന്നീട് യോഗത്തിൽ വച്ച് തന്നെ അദ്ദേഹം വിമർശനം പിൻവലിച്ചു. കാര്യങ്ങൾ അവിടെ അവസാനിച്ചതാണ്. അവസാനിച്ച കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവരേണ്ടതില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരുകാരൻ മാത്രമായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റായി ചുരുങ്ങിയെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിമർശനം.
കൊടിക്കുന്നിൽ സുരേഷിന്റെ വിമർശനത്തിന് താൻ പങ്കെടുത്ത പരിപാടികൾ അക്കമിട്ട് നിരത്തി വൈകാരികതയോടെയായിരുന്നു സണ്ണി ജോസഫ് മറുപടി നൽകിയത്. ഇതിനു പിന്നാലെ കൊടിക്കുന്നിൽ സുരേഷ് തന്റെ വിമർശനം പിൻവലിക്കുകയും ചെയ്തിരുന്നു.