കണ്ണൂർ വിമാനത്താവളം: കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും ജപ്തിഭീഷണി
1592351
Wednesday, September 17, 2025 7:29 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ നടപടി വൈകുന്നതിനെ തുടർന്ന് ദുരിതത്തിലായ കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും ജപ്തിഭീഷണി. രോഗിയായ കാനാട്ടെ ചെമ്പിലാലിൽ നസീറയ്ക്കാണ് കഴിഞ്ഞ ദിവസം തലശേരി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നോട്ടീസ് ലഭിച്ചത്. ബാങ്കിൽ പണയപ്പെടുത്തിയ സ്ഥലം ഒക്ടോബർ 21 ന് കീഴല്ലൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്.
ചികിത്സയ്ക്കും മറ്റുമായാണ് അഞ്ചു സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയത്. വിമാനത്താവളത്തിനായി വിജ്ഞാപനം ചെയ്ത സ്ഥലമായതിനാൽ വില്പന നടത്താനും കഴിയാത്ത അവസ്ഥയിലാണ് ഭൂവുടമകളിൽ പലരും.
കാനാട്ടെ പലർക്കും മുമ്പും പല ബാങ്കുകളുടെയും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. 2017 ലാണ് വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററാക്കുന്നതിന് കീഴല്ലൂർ പഞ്ചായത്തിലെ കാനാട്, കോളിപ്പാലം, നല്ലാണി മേഖലകളിൽ നിന്ന് 245 ഏക്കർ സ്ഥലമേറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത്രവർഷമായിട്ടും സ്ഥലമേറ്റെടുക്കുന്നതിന് തുടർനടപടികളുണ്ടായില്ല. നഷ്ടപരിഹാരമായി നൽകേണ്ട 1000 കോടിയോളം രൂപ കണ്ടെത്തുന്നതിനുള്ള പ്രയാസമാണ് കാരണം.
വിഷയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ജില്ലയിലെ എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പ്രശ്നം ചർച്ചചെയ്യാൻ യോഗം വിളിച്ചിരുന്നു. സ്ഥലമേറ്റെടുപ്പിനുള്ള ഭൂമി അളക്കലും മറ്റും വേഗത്തിലാക്കാൻ നിർദേശിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ഒൻപതു വർഷത്തോളമായി ദുരിതത്തിലുള്ള ഭൂവുടകൾക്ക് ജപ്തി ഭീഷണിയിലൂടെ ഇരുട്ടടി നൽകാനുള്ള ശ്രമത്തെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കുമെന്ന് കോൺഗ്രസ് കീഴല്ലൂർ മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. മുഖ്യമന്ത്രിയുടെ പാർട്ടി ഭരിക്കുന്ന തലശേരി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ കാനാട് പ്രദേശത്തെ ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖേന സർക്കാരിന് നിവേദനം നൽകി.