എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു
1592522
Thursday, September 18, 2025 1:51 AM IST
കണ്ണൂർ: കണ്ണൂരിൽ എസ്എഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ റബീഹ് പി(27) നെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കോളജിന് മുന്നിലെത്തിയ എസ്എഫ്ഐ എടക്കാട് ഏരിയ പ്രസിഡന്റ് വൈഷ്ണവിനെ കഴിഞ്ഞ മാസം 24 ന് തോട്ടട എസ്എൻ കോളേജിന് സമീപം ബൈക്കിലെത്തിയ രണ്ടംഗ ലഹരിമാഫിയാ സംഘമാണ് കുത്തി പരിക്കേല്പിച്ചത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മൈസൂരിൽ ഒളിവിൽ താമസിച്ചു വരികയായിരുന്ന പ്രതി കണ്ണൂരിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താഴെചൊവ്വയിൽ വച്ച് പിടിയിലായത്. 2022 ഫെബ്രുവരി ഒന്നിന് കണ്ണൂർ ആയിക്കര പാലത്തിന് സമീപം നഗരത്തിലെ സൂഫി മക്കാനി ഹോട്ടലുടമ ജസീറിനെ നെഞ്ചിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് റാബീഹ്. ഇയാൾ ലഹരി കേസുകളിലും പ്രതിയാണ്.കഴിഞ്ഞ ദിവസം പ്രതിയുടെ വീടിന്റെ ജനൽ ഗ്ലാസുകളും പൂച്ചട്ടികളും ബൈക്കിലെത്തിയ ഒരു സംഘം അടിച്ചുതകർത്തിരുന്നു.
എസ്ഐമാരായ വിനോദ് കുമാർ, ഷാജി ഉദ്യോഗസ്ഥരായ നാസർ, ബൈജു,ഷാജി, സജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.